കൊച്ചി: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി.ജെ.പി. കേരള ഘടകം വ്യാഴാഴ്ച സ്വീകരണം നൽകും. അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിൽ പ്രധാനമന്ത്രി പ്രസംഗിക്കുമെന്ന് ബി.ജെ.പി. അധ്യക്ഷൻ കെ. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് നാലിന് വിമാനത്താവളത്തിൽ ഇറങ്ങുന്ന മോദിയെ നേതാക്കൾ സ്വീകരിക്കും. കാർഗോ ടെർമിനലിനടുത്ത് ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിൽ പതിനായിരത്തിലധികം പ്രവർത്തകർ പങ്കെടുക്കും.
കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാർ വിമുഖത കാട്ടുകയാണ്. ചില പദ്ധതികൾ പേരുമാറ്റി സ്വന്തമാക്കുകയാണ്. കേരളം ഇതുപോലെ സാമ്പത്തികമായി തകർന്ന കാലമില്ല. കേന്ദ്രം നൽകുന്ന തുക പോലും കെടുകാര്യസ്ഥതമൂലം വേണ്ട രീതിയിൽ ചെലവഴിക്കുന്നില്ല. കേന്ദ്ര പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ ബി.ജെ.പി. രംഗത്തിറങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രി ആദിശങ്കരന്റെ ജന്മനാടായ കാലടിയിൽ വരുന്നത് കേരളത്തിന്റെ സാംസ്കാരിക തനിമ വീണ്ടെടുക്കാനുള്ള ശ്രമത്തിന് കരുത്തുപകരും.