എരുമേലി : ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ വിനോദ്, സെൽവരാജ്, സഞ്ജു, മഹേന്ദ്രൻ, ശിവസുബ്രഹ്മണ്യൻ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പരിക്ക് ഗുരുതരമായതിനെ തുടർന്ന് സഞ്ജുവിനെ (20) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എരുമേലി – പമ്പ റോഡിലെ കണമല ഇറക്കത്തിൽ അട്ടിവളവിൽ ഞായറാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട മിനി ബസ് റോഡരികിലെ തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് കരുതുന്നു. പരിക്കേറ്റവരെ ഉടൻ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും എത്തിച്ചു. തിരുപ്പൂർ സ്വദേശികളായ 19 അംഗ സംഘമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. എരുമേലി പൊലീസും സ്ഥലത്തെത്തിയിരുന്നു.