കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനം മൂലം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ നഗരത്തിലും നഗരത്തിന്റെ പശ്ചിമ മേഖലകളിലും ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. ആലുവ മുതൽ ഇടപ്പള്ളി വരെയും പാലാരിവട്ടം ജങ്ഷൻ, വൈറ്റില, കുണ്ടന്നൂർ, തേവര ഫെറി ജങ്ഷൻ, ബി.ഒ.ടി. ഈസ്റ്റ്, ഐലൻഡ് താജ് ഹോട്ടൽ വരെയും വെണ്ടുരുത്തി പാലം, കഠാരി ബാഗ്, തേവര ജങ്ഷൻ, രവിപുരം എന്നിവിടങ്ങളിലുമായിരിക്കും ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും.
വ്യാഴാഴ്ച കണ്ടെയ്നർ റോഡിലും വെള്ളിയാഴ്ച പാലാരിവട്ടം മുതൽ ബാനർജി റോഡ്, ബി.ഒ.ടി. ഈസ്റ്റ്് വരെയും ഉച്ചയ്ക്ക് ഒരു മണിവരെ കർശനമായി ഗതാഗതം നിയന്ത്രിക്കും. ഇൗ സമയം ഈ വഴി വരുന്ന വാഹനങ്ങൾ വഴിതിരിച്ചു വിടും. നഗരത്തിൽനിന്ന് കൊച്ചിക്ക് പോകേണ്ട ചെറുവാഹനങ്ങൾ വൈപ്പിൻ ജങ്കാർ സർവീസ് പ്രയോജനപ്പെടുത്തണം. പ്രധാനമന്ത്രി കടന്നുപോകുന്ന റോഡുകളുടെ വശങ്ങളിൽ താമസിക്കുന്നവർ നിയന്ത്രണങ്ങളുള്ള സമയത്ത് വാഹനങ്ങൾ റോഡിൽ ഇറക്കാതെ ശ്രദ്ധിക്കണമെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.