തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നടന്ന പ്രതിഷേധം നിയമസഭയില്‍. പ്രതിഷേധത്തിന് പിറകില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഗൂഢാലോചന ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഭയില്‍ ചോദ്യോത്തര വേളയ്ക്കിടെയാണ് മുഖ്യമന്ത്രിയുടെ മറുപടി. വലിയതുറ പോലീസ് കേസില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. കേസിലെ ഗൂഢാലോചനയില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പങ്കാളിത്തം പോലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേസിലെ ഒന്നും രണ്ടും പ്രതികളായ ഫര്‍സീന്‍ മജീദും സുനിത് നാരായണനും യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ്. രണ്ടാം പ്രതി നവീന്‍ കുമാര്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും നാലാം പ്രതി കെഎസ് ശബരീനാഥന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ് എന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. വിമാനത്തിലെ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.