കടുത്ത വരൾച്ചയെത്തുടർന്ന് സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാകുന്നതിനിടെ അടുത്ത മൺസൂൺ എത്തും വരെ നഗരത്തിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോമും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളും അനുവദിക്കണമെന്ന ആവശ്യവുമായി ബംഗളൂരു നിവാസികൾ. നഗരത്തിലെ ചൂട് 40 ഡിഗ്രിയിലേക്ക് അടുക്കുകയും കുടിവെള്ളക്ഷാമം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കർണാടക സർക്കാരിനോട് ഈ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ സംഘടനകൾ രംഗത്ത് എത്തിയത്. കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോമും ഓൺലൈൻ ക്ലാസുകളും നടപ്പാക്കി വിജയിച്ചിരുന്നതിനാൽ ഇനിയും അത് സാധ്യമാകുമെന്ന് പലരും ചൂണ്ടിക്കാട്ടി.
ജീവനക്കാർക്ക് വർക്ക് ഫ്രം ഹോമും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളും അനുവദിക്കുന്നതിലൂടെ പലരും സ്വന്തം നാടുകളിലേക്ക് മടങ്ങുമെന്നും ഇതിലൂടെ നഗരത്തിൽ വെള്ളത്തിന്റെ ആവശ്യകത കുറയ്ക്കാൻ കഴിയുമെന്നുമാണ് വാദം. ആളുകൾ സ്വന്തം നാടുകളിലേക്ക് മടങ്ങുമ്പോൾ പ്രതിസന്ധിയെ നേരിടുന്നതിൽ സർക്കാരിന് കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്ന് എക്സ് ഉപയോക്താവായ അമിത് ചൗധരി കുറിച്ചു. ബംഗളൂരുവിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന ആവശ്യവുമായി റെസിഡൻസ് അസോസിയേഷനുകളും രംഗത്ത് വന്നിട്ടുണ്ട്.
കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ അനുസരിച്ച് മാർച്ച് – മെയ് മാസങ്ങളിൽ കർണാടകയിൽ താപനില സാധാരണനിലയിൽ നിന്നും ഉയരാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ ഇത് ഉഷ്ണതരംഗത്തിനും കാരണമായേക്കാം. മേഘാവൃതമായ കാലാവസ്ഥ പ്രകടമല്ലാത്തത്തിനാൽ താപനില വീണ്ടും ഉയരുമെന്നും എന്നാൽ സാധാരണ മഴക്ക് സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വിഭാഗം ശാസ്ത്രഞ്ജനായ എ പ്രസാദ് പറഞ്ഞു. എൽ നിനോ (El Nino) കാലാവസ്ഥ കാരണം ഫെബ്രുവരിയിൽ മഴ പെയ്യാതിരുന്നതിനാൽ വേനൽക്കാലത്തിന്റെ തുടക്കത്തിലേതിന് സമാനമായ സാഹചര്യം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. വേനൽക്കാലം ആരംഭിക്കേണ്ടത് മാർച്ചിലാണെങ്കിലും ആഗോള താപനത്തെത്തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫെബ്രുവരിയിൽ തന്നെ വേനൽ തുടങ്ങുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.