തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന അഞ്ച് ജില്ലകളിലുള്ളത് കാല്‍ ലക്ഷത്തോളം പ്രത്യേക വോട്ടര്‍മാര്‍. ഇവര്‍ക്കുള്ള പ്രത്യേക തപാല്‍ ബാലറ്റ് വിതരണം നാളെ ആരംഭിക്കും. കോവിഡ് പോസിറ്റീവായവരും ക്വാറന്റീനില്‍ കഴിയുന്നവരുമാണു പ്രത്യേക വോട്ടര്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 24,621 പ്രത്യേക വോട്ടര്‍മാരാണുള്ളതെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.പ്രത്യേക വോട്ടര്‍മാരുടെ പട്ടിക ഡിസംബര്‍ 7 ന് വൈകിട്ട് 3 വരെ പുതുക്കും. ഈ വരുന്ന എട്ടിനാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 29 ലെ സ്ഥിതി പരിശോധിച്ച് ആരോഗ്യ വകുപ്പ് ഇന്നലെ തയാറാക്കി കലക്ടര്‍മാര്‍ക്കു നല്‍കിയ പട്ടിക പ്രകാരമാണിത്. ഈ പട്ടികയിലുള്ള 8568 പേര്‍ കോവിഡ് പോസിറ്റീവ്. 15,053 പേര്‍ ക്വാറന്റീനിലുള്ളവര്‍. ഈ അഞ്ച് ജില്ലകളിലായി ആകെയുള്ളത് 88.26 ലക്ഷം വോട്ടര്‍മാരാണ്.
പ്രത്യേക വോട്ടര്‍മാരായി പരിഗണിക്കപ്പെട്ടവര്‍ വോട്ടെടുപ്പിനു മുന്‍പു കോവിഡ് മുക്തരായാലും ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയാലും തപാല്‍ വോട്ടു മാത്രമേ ചെയ്യാനാകൂ. പോളിങ് ബൂത്തിലെ ഓഫിസര്‍മാരുടെ കൈവശമുള്ള പട്ടികയില്‍ ഇവരുടെ പേരുകള്‍ക്കു നേരെ ഇക്കാര്യം രേഖപ്പെടുത്തിയിരിക്കും എന്നതിനാല്‍ നേരിട്ടു ചെന്നു വോട്ടു ചെയ്യാനാകില്ല.
വോട്ടെടുപ്പിനു തലേന്നു മൂന്നിനു ശേഷം കോവിഡ് പോസിറ്റീവ് അല്ലെങ്കില്‍ ക്വാറന്റീനിലാകുന്നവര്‍ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യേണ്ടി വരും. അവസാന വോട്ടര്‍മാരായാകും ഇവരെ പരിഗണിക്കുക.ം. ഇവര്‍ വോട്ടെടുപ്പു സമയം തീരുന്ന 6 ന് മുന്‍പ് പിപിഇ കിറ്റ് ധരിച്ച് എത്തണം. 6 വരെ സാധാരണ വോട്ടര്‍മാര്‍ക്കു വോട്ടു ചെയ്യാന്‍ അവസരം. അതിനു ശേഷമാണ് ഇവര്‍ക്ക് അവസരം. അവസാന മണിക്കൂറില്‍ സാധാരണ വോട്ടര്‍മാരുടെ ക്യൂ ഇല്ലെങ്കിലും ഇതാണു നിബന്ധനയെന്നു കമ്മിഷന്‍ വ്യക്തമാക്കി.
കോവിഡ് പോസിറ്റീവായവരുടെയും ക്വാറന്റീനിലായവരുടെയും വോട്ട് താമസസ്ഥലത്തോ ആശുപത്രിയിലോ എത്തി രേഖപ്പെടുത്തുമ്ബോള്‍ കൈവരലില്‍ മഷി പുരട്ടില്ല. വോട്ടെടുപ്പു ദിനം ബൂത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യുന്ന കോവിഡ് പോസിറ്റീവ്, ക്വാറന്റീന്‍ വ്യക്തികളുടെ കയ്യില്‍ ആവശ്യമെങ്കില്‍ മഷി പുരട്ടും. ഇവര്‍ പിപിഇ കിറ്റ് ധരിച്ചിട്ടുണ്ടാകുമെന്നതിനാലാണിത്. വോട്ടറെ തിരിച്ചറിയാന്‍ ആവശ്യമെങ്കില്‍ പിപിഇ കിറ്റിന്റെ മുഖാവരണം മാറ്റാം.