സമാനമായ അവസ്ഥയാണ് ഇപ്പോള്‍ ഇറാഖില്‍. ഇവിടെ പ്രമുഖ ഷിയാ നേതാവ് മുഖ്തദ അല്‍ സദര്‍ രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ചു.തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് അരിശം മൂത്തു. അവര്‍ ബഗ്ദാദിലെ അതീവ സുരക്ഷയുള്ള മേഖലയിലേക്ക് ഇരച്ചെത്തുകയും പ്രസിഡന്റിന്റെ കൊട്ടാരവും മറ്റു സര്‍ക്കാര്‍ ഓഫീസുകളും കൈയ്യേറുകയും ചെയ്തു. ഇവരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ നീക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതുവരെ 20 മരണം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ കടന്ന ജനക്കൂട്ടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നീന്തല്‍ കുളത്തില്‍ നിന്നും പട്ടുമെത്തകളില്‍ കിടക്കുന്നതുമായ സമരക്കാരുടെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷിയാ പിന്തുണയുള്ള സര്‍ക്കാരാണ് ഇറാഖില്‍ ഭരണം നടത്തുന്നത്. ഇവര്‍ക്ക് അയല്‍ രാജ്യമായ ഇറാന്റെ പിന്തുണയുണ്ട്. എന്നാല്‍ ഇവരുമായി ശത്രുതയിലാണ് സദര്‍ അനുകൂലികള്‍. ഇരുവിഭാഗവും പരസ്പരം കല്ലേറുണ്ടായെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി വിദേശ എംബസികളും സര്‍ക്കാര്‍ കാര്യാലയങ്ങളുമുള്ള ഗ്രീന്‍ സോണില്‍ യുദ്ധ സമാന സാഹചര്യമാണ്.