തിരുവനന്തപുരം: മുൻമന്ത്രി കെ.ടി. ജലീലിനെതിരായി സ്വർണക്കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ സത്യവാങ്മൂലം പുറത്ത്. യു.എ.ഇ. കോൺസുൽ ജനറലും ജലീലും പലതവണ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും കേരളത്തിന് അകത്തും പുറത്തും നിരവധി ബിസിനസുകൾക്ക് ജലീൽ ലക്ഷ്യമിട്ടെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ഒരു മലയാള ദിനപ്പത്രത്തിന് യു.എ.ഇയിൽ വിലക്ക് ഏർപ്പെടുത്താൻ ജലീൽ സഹായം ആവശ്യപ്പെട്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കെ.ടി. ജലീലിനെതിരേ കൂടുതൽ ആരോപണങ്ങൾ ഉണ്ടാകുമെന്നും ചില തെളിവുകൾ കോടതിക്ക് സമർപ്പിക്കുമെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്ന് സ്വപ്ന സുരേഷിന്റെ അഭിഭാഷകനാണ് ഇതു സംബന്ധിച്ച തെളിവുകൾ ഹൈക്കോടതിക്ക് കൈമാറിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ജലീൽ, യു.എ.ഇ. കോൺസുൽ ജനറലുമായി കോൺസുൽ ജനറൽ ഓഫീസിൽ വെച്ച് നിരവധി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. കൂടാതെ, യു.എ.ഇ. ഭരണാധികാരിക്ക് ജലീൽ നേരിട്ട് കത്തയക്കുകയും ചെയ്തു. താൻ അതിന് സഹായിച്ചു എന്നും സ്വപ്ന ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
യു.എ.ഇയിൽ കോവിഡ് ബാധിച്ച് നിരവധി മലയാളികൾ മരിച്ചിരുന്നു. ഇതു സംബന്ധിച്ച് ഒരു മലയാള ദിനപത്രം വാർത്ത നൽകി. ഈ ദിനപ്പത്രത്തെ യു.എ.ഇയിൽ നിരോധിക്കാൻ ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകണമെന്ന് തന്നോടും യു.എ.ഇ. കോൺസുൽ ജനറലിനോടും ജലീൽ ആവശ്യപ്പെട്ടതായും സ്വപ്ന സുരേഷ് സത്യവാങ്മൂലത്തിൽ പറയുന്നു. ഇത്തരത്തിൽ ഈ പത്രത്തെ നിരോധിക്കാനായാൽ രാഷ്ട്രീയമായും പാർട്ടിയിലും തനിക്ക് ഏറെ മൈലേജ് ഉണ്ടാക്കിത്തരുന്ന കാര്യമായിരിക്കും ഇതെന്ന് ജലീൽ പറഞ്ഞു. അതിന് പകരമായി താൻ നയതന്ത്ര ചാനൽ ഉപയോഗിച്ച് നടത്തുന്ന എല്ലാ അനധികൃത ഇടപാടുകൾക്കും കെ.ടി ജലീൽ സംരക്ഷണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞതായും സ്വപ്ന സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു.