ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ സീറ്റുറപ്പിക്കുന്ന ആദ്യത്തെ ടീമായി അഫ്ഗാനിസ്ഥാന്‍.

0
54

ഷാര്‍ജ: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ സീറ്റുറപ്പിക്കുന്ന ആദ്യത്തെ ടീമായി അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശിനെ 7 വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്‍ തകര്‍ത്തത്. ബംഗ്ലാദേശ് മുന്നോട്ട് വെച്ച 128 റണ്‍സ് വിജയലക്ഷ്യം 9 പന്തും 7 വിക്കറ്റും ബാക്കി നിര്‍ത്തി അഫ്ഗാന്‍ മറികടന്നു. നജീബുല്ല സദ്രാന്റെയും (17 പന്തില്‍ 43*) ഇബ്രാഹിം സദ്രാന്റെയും (41 പന്തില്‍ 42*) ബാറ്റിങ്ങാണ് അഫ്ഗാന് ജയമൊരുക്കിയത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 8 വിക്കറ്റിനും അഫ്ഗാന്‍ തോല്‍പ്പിച്ചിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടാനായത്. മൊസാദക് ഹൊസൈനാണ് (48*) ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. അഫ്ഗാനിസ്ഥാനായി മുജീബുര്‍ റഹ്‌മാനും റാഷിദ് ഖാനും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടു. മെഹദി ഹസന്‍ റണ്ണൗട്ടായി.

മറുപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാന്റെ തുടക്കവും മികച്ചതായിരുന്നില്ല. വെടിക്കെട്ട് ഓപ്പണര്‍ റഹ്‌മാനുല്ല ഗുര്‍ബാസിനെ (18 പന്തില്‍ 11) ആദ്യം നഷ്ടമായി. ഷക്കീബ് അല്‍ ഹസന്റെ പന്തില്‍ മുഷ്ഫിഖര്‍ റഹീം സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. അധികം വൈകാതെ ഹസ്‌റത്തുല്ല സസായിയെ (26 പന്തില്‍ 23) മൊസാദക് ഹൊസൈന്‍ എല്‍ബിയില്‍ കുടുക്കി. ക്യാപ്റ്റന്‍ മുഹമ്മദ് നബിക്കും (9 പന്തില്‍ 8) തിളങ്ങാനായില്ല. മുഹമ്മദ് സെയ്ഫുദീന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ നജീബുല്ല സദ്രാന്റെയും ഇബ്രാഹിം സദ്രാന്റെയും ബാറ്റിങ് അഫ്ഗാന് ജയമൊരുക്കുകയായിരുന്നു. നജീബുല്ല 1 ഫോറും 6 സിക്‌സും പറത്തിയപ്പോള്‍ നാല് ഫോറാണ് ഇബ്രാഹിമിന്റെ സമ്പാദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here