കൊച്ചി: കെ എസ് ആര്‍ ടി സി നിര്‍ത്താന്‍ പോകുന്നു എന്ന അടക്കം പറച്ചില്‍ പോലും അനുവദിക്കാനാകില്ല എന്ന് ഹൈക്കോടതി. ശമ്പളം കൃത്യസമയത്ത് നല്‍കാത്തതിനെതിരേ ജീവനക്കാരനായ ആര്‍. ബാജി അടക്കം ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.
കെ എസ് ആര്‍ ടി സിയുടെ നിലനില്‍പ്പ് അത്യന്താപേക്ഷിതമാണ് എന്നും അത് നിര്‍ത്താനുള്ള ചെറിയ അടക്കം പറച്ചില്‍ പോലും അനുവദിക്കാനാകില്ല എന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനായിരുന്നു ഹര്‍ജി പരിഗണിച്ചത്.
ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന, ദൈനംദിനം ആറു ലക്ഷത്തോളം ആളുകള്‍ യാത്രചെയ്യുന്ന സ്ഥാപനമാണ് കെ എസ് ആര്‍ ടി സി എന്നും ഇതിന് പകരമായി മറ്റൊന്നില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി കക്കൂസുകള്‍ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ സജ്ജമാക്കണം എന്നും ഹൈക്കോടതി പറഞ്ഞു.
ജൂലായ് 31 വരെ സമയം അനുവദിച്ചാല്‍ പ്രായോഗിക നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ഏതാനും മാസങ്ങള്‍ക്ക് ശേഷം ആദ്യമായി 3.52 കോടി രൂപ കഴിഞ്ഞ മാസം മിച്ചം വന്നു വെന്ന് കെ എസ് ആര്‍ ടി സിയുടെ അഭിഭാഷകന്‍ ദീപു തങ്കനും കോടതിയെ അറിയിച്ചു.
ചില മാറ്റങ്ങള്‍ കൊണ്ടുവരാനായാല്‍ പ്രതിദിനം എട്ടുകോടി രൂപയുടെ കളക്ഷന്‍ ഉണ്ടാക്കാനാകും എന്നും യൂണിയനുകള്‍ കെ എസ് ആര്‍ ടി സി യുടെ മുന്നിലെ സമരം അവസാനിപ്പിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ സൂപ്പര്‍വൈസര്‍ ജീവനക്കാര്‍ക്ക് മുമ്പ് സാധാരണ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം എന്ന നിര്‍ദേശത്തില്‍ കരാര്‍ ജീവനക്കാര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി ഉത്തരവില്‍ മാറ്റം വരുത്തിയിട്ടുണ്ട്