മലപ്പുറം : സ്കൂൾ വിദ്യാർത്ഥികളുടെ യൂണിഫോമിൽ ഇനി ആൺ – പെൺ വ്യത്യാസമില്ല. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കി മറ്റൊരു സ്കൂൾ കൂടി കേരളത്തിന് മാതൃക. എടപ്പാള്‍ തുയ്യം ജിഎല്‍പി സ്കൂളാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിലേക്ക് മാറിയിരിക്കുന്നത്.
നാലാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ത്രീഫോർത്തും ഷർട്ടും ആണ് യൂണിഫോം. സ്കൂൾ പി ടി എയുടെയും രക്ഷിതാക്കളുടെയും പൂർണ്ണ പിന്തുണ ഈ ആശയത്തിന് പിന്നിലുണ്ട്. സ്കൂൾ ഹെഡ്മാസ്റ്റർ കെ സേതുമാധവന്റെ നേതൃത്വത്തിൽ നടന്ന ആലോചനകൾക്കും ചർച്ചകൾക്കും ഒടുവിലാണ് ഈ തീരുമാനം
സ്കൂളിന്റെ തീരുമാനത്തെ വിദ്യാർത്ഥികളും സ്വീകരിച്ചു. ലിംഗ ഭേദം ഇല്ലാതെ സ്കൂളിനുള്ളിലെ പ്രവർത്തികളിൽ ഏർപ്പെടാൻ കഴിയുന്നുവെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. സർക്കാറിന്റെ യൂണിഫോം വിതരണ പദ്ധതി നിന്നും എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളിൽ നിന്നും തുണികൾ നൽകിയിരുന്നു. കേരളത്തിലെ വിവിധ സ്കൂളുകളിൽ ആൺ – പെൺ വ്യത്യാസത്തിന്റെ ആവശ്യം ഇല്ലെന്ന ആശയത്തിൽ നിന്നും ആണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാന്‍ സർക്കാർ തീരുമാനിച്ചത്. ഇതിനെ പിന്തുണച്ച് നിരവധി സ്കൂളുകളാണ് ഇപ്പോൾ മുന്നോട്ട് വരുന്നത്. എന്നാൽ, സർക്കാരിന്റെ ഈ ആശയത്തെ അംഗീകരിച്ച് ആദ്യം രംഗത്ത് വന്നത് കോഴിക്കോട് ബാലുശ്ശേരി സര്‍ക്കാര്‍ സ്‌കൂളായിരുന്നു. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആദ്യം ഈ യൂണിഫോം നടപ്പാക്കി. ഈ വാർത്ത വൈറൽ ആയി മാറിയിരുന്നു.