ഫ്ലോറിഡ: വീണ്ടുമൊരിക്കല്‍ക്കൂടി ലിയോണല്‍ മെസി മൈതാനത്തിന്‍റെ നിയന്ത്രണം തന്‍റെ കാല്‍ക്കലാക്കിയപ്പോള്‍ അര്‍ജന്‍റീനയ്ക്ക് തകര്‍പ്പന്‍ ജയം. സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്‍റീന തോല്‍പിച്ചു. ആദ്യപകുതിയിലും രണ്ടാംപകുതിയിലുമായായിരുന്നു മെസിയുടെ ഗോളുകള്‍. ലൗറ്റാരോ മാര്‍ട്ടിനസാണ് മറ്റൊരു ഗോള്‍ സ്കോറര്‍. ഹോണ്ടുറാസിനാവട്ടെ അര്‍ജന്‍റീനയ്ക്കെതിരെ മറുപടിയുണ്ടായിരുന്നില്ല.
ലിയോണല്‍ മെസി, ലൗറ്റാരോ മാര്‍ട്ടിനസ്, പപു ഗോമസ് എന്നിവരെ ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയിലാണ് അര്‍ജന്‍റീന കളത്തിലെത്തിയത്. കൂടുതല്‍ ആക്രമിച്ച് കളിച്ചതിന്‍റെ ഗുണം 16-ാം മിനുറ്റില്‍ തന്നെ അര്‍ജന്‍റീനയ്ക്ക് കിട്ടി. പപു ഗോമസിന്‍റെ അസിസ്റ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസായിരുന്നു വല ചലിപ്പിച്ചത്. ആദ്യപകുതിയുടെ ഇഞ്ചുറിസമയത്ത്(45+2) ലഭിച്ച പെനാല്‍റ്റി അവസരം വിനിയോഗിച്ച് ലിയോണല്‍ മെസി ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 69-ാം മിനുറ്റില്‍ മെസി ഗോള്‍പട്ടികയും അര്‍ജന്‍റീനയുടെ ജയവും പൂര്‍ത്തിയാക്കി. ഇതോടെ പരാജയമില്ലാതെ അര്‍ജന്‍റീന 34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. മത്സരത്തില്‍ 68 ശതമാനം ബോള്‍ പൊസിഷന്‍ അര്‍ജന്‍റീനയ്‌ക്കുണ്ടായിരുന്നു.