മസ്കറ്റ്;സലാലയില്‍ കടലില്‍ വീണ ഇന്ത്യക്കാർക്കുള്ള തിരിച്ചിൽ തുടരുന്നു. ദോഫാര്‍ ഗവര്‍ണറേറ്റിലെ വിനോദ സഞ്ചാര കേന്ദ്രമായ മുഗ്സെയിൽ ബീച്ചിലായിരുന്നു ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ 8 പേർ വീണത്. മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽ പെട്ടത്.
ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. പ്രദേശത്തെ പാറക്കെട്ടിലെ സുരക്ഷാ വേലി മുറിച്ചുകടക്കുമ്പോൾ തിരമാലകളിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. അപകടത്തില്‍പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.മറ്റുള്ളവർക്കായുളള തിരച്ചിൽ തുടരുകയാണ്.
അതേസമയം കടുത്ത മഴയെ തുടർന്ന് ഒമാനിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. വാദി അഹാനിൽ വാഹനം ഒഴുക്കിൽപ്പെട്ട് സുഹാറിലെ രണ്ട് ഒമാനി പൗരന്മാർ മരിച്ചതായും അതോറിറ്റി സ്ഥിരീകരിച്ചു. ഒമാനിന്റെ വിവിധ പ്രദേശങ്ങളിൽ മഴ ഇപ്പോഴും തുടരുകയാണ്.