ഇന്ത്യന്‍ വംശജന്‍ ബ്രീട്ടീഷ് പ്രധാനമന്ത്രിയാവുമോ: മത്സരിക്കുമെന്ന് വ്യക്തമാക്കി ഋഷി സുനക്

0
70

ലണ്ടന്‍: രാജിവെച്ചൊഴിഞ്ഞ ബോറിസ് ജോൺസണിന് പകരം താൻ യുകെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുൻ ബ്രിട്ടീഷ് ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക്. പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ഋഷി സുനക് ക്യാമ്പയിന്‍ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. ആരെങ്കിലും ഈ നിമിഷത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ശരിയായ തീരുമാനങ്ങൾ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് വീഡിയോയില്‍ ഋഷി സുനക് വ്യക്തമാക്കുന്നത്.

കൺസർവേറ്റിവ് പാർട്ടിയുടെ നേതൃത്വത്തിലേക്കും അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്. ശരിയായ തീരുമാനം എടുക്കേണ്ട സമയമായതിനാലാണ് കൺസേർവേറ്റിവ് പാർട്ടിയുടെ അടുത്ത നേതാവായും നിങ്ങളുടെ പ്രധാനമന്ത്രിയായും നിൽക്കാൻ തീരുമാനിച്ചതെന്നും ഋഷി സുനക് ട്വിറ്റിറിൽ പുറത്തുവിട്ട ക്യാംപെയ്ൻ വീഡിയോയില്‍ അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ വിശ്വാസം തിരിച്ചുപിടിച്ച് സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്തി രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിസഭയിലെ കൂട്ടരാജിക്ക് പിന്നാലെയായിരുന്നു ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദം ഒഴിയാന്‍ തീരുമാനിച്ചത്. പുതിയ പ്രധാനമന്ത്രി വരും വരെ സ്ഥാനത്ത് തുടരുമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. രാഷ്ട്രീയത്തില്‍ ആരും അനിവാര്യരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്ന് ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ 50-ലധികം മന്ത്രിമാരും സഹായികളും ചൊവ്വാഴ്ച രാജിവച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനം ബോറിസ് ജോണ്‍സണ്‍ രാജിവച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് ചാന്‍സലര്‍ ഓഫ് എക്സ്ചീക്കര്‍ ഋഷി സുനക്കും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദും രാജി വച്ചത്. ബോറിസ് സ്ഥാനം ഒഴിഞ്ഞാലും പാർട്ടിക്ക് വന്‍ ഭൂരിപക്ഷമുള്ളതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് അധികാരം നഷ്ടമാകില്ല.

വിമതപക്ഷത്ത് നിന്ന് പുതിയ നേതാവ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. പാര്‍ട്ടി നേതൃത്വവും പ്രധാനമന്ത്രി സ്ഥാനവും ഒഴിയുകയാണെന്ന് ബോറിസ് ജോണ്‍സണ്‍ ഇന്ന് രാവിലെയോടെയാണ് അറിയിച്ചത്. മന്ത്രിസഭയിലെ രണ്ടാമനാണെന്ന് അറിയപ്പെടുന്ന ഋഷി സുനകും മുതിര്‍ന്ന നേതാവ് സാജിദ് ജാവിദും രാജിവച്ചതോടെയാണ് ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഇവരുടെ രാജിക്ക് പിന്നാലെ നേതാക്കള്‍ രണ്ട് ചേരിയായി തിരിയുകയായിരുന്നു. അതേസമയം, പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടി അടുത്ത ആഴ്ച ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here