ബദൽ ഇന്ധനത്തിലേക്ക് അതിവേഗം ട്രാക്ക് മാറ്റാൻ ഇന്ത്യ

0
107

മലിനീകരണമില്ലാത്ത ഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കുക എന്ന വലിയ ലക്ഷ്യത്തിന് പിന്നാലെയാണ് ഇന്ത്യയിലെ സർക്കാരുകൾ. ഇതിനായി ഇലക്ട്രിക്, സി.എൻ.ജി. തുടങ്ങിയവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പരമാവധി പ്രോത്സാഹനമാണ് നൽകുന്നത്. ഫോസിൽ ഫ്യുവൽ ഉപയോഗിക്കുന്ന വാഹനങ്ങൾ കുറയ്ക്കുകയെന്ന ഉദ്യമത്തിന് കൂടുതൽ കരുത്തേകുന്ന പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.

അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ ഉപയോഗം പൂർണമായും അവസാനിപ്പിക്കുമെന്നാണ് മന്ത്രി നടത്തിയ പ്രഖ്യാപനം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ പെട്രോൾ ശേഖരം പൂർണമായും അവസാനിക്കും. ഇതിനുശേഷം രാജ്യത്ത് ഫോസിൽ ഫ്യുവൽ നിരോധിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മന്ത്രി നിതിൻ ഗഡ്കരിക്ക് ഹോണററി ഡോക്ടറേറ്റ് ഓഫ് സയൻസ് സമ്മാനിക്കുന്ന ചടങ്ങിൽ വെച്ചാണ് മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

പെട്രോളിനും ഫോസിൽ ഇന്ധനങ്ങൾക്കും ബദലായി ഇന്ത്യ ഉടൻ തന്നെ ഹരിത ഇന്ധനങ്ങളിലേക്ക് മാറുമെന്ന് നിതിൽ ഗഡ്കരി അവകാശപ്പെട്ടു. ഇതിൽ മഹാരാഷ്ട്രയിലെ വിദർഭ ജില്ലയിൽ കർഷകർ വികസിപ്പിക്കുന്ന ബയോ എഥനോൾ പോലുള്ള ജൈവ ഇന്ധനങ്ങളും ഉൾപ്പെടുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കർഷകർ ഭക്ഷണം നൽകുന്ന ആളുകൾ മാത്രമായിരിക്കില്ല, ഊർജദാതാക്കൾ കൂടി ആയി മാറുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ബയോ എഥനോളിന് പുറമെ, ഗ്രീൻ ഹൈഡ്രജനും ഒരു ബദൽ ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. ഇത് ആഴത്തിലുള്ള കിണറിലെ വെള്ളത്തിൽ നിന്ന് വേർതിരിച്ച് എടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് ബദലായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് കേന്ദ്രമന്ത്രി കൂടിയായ നിതിൻ ഗഡ്കരി. ഇതിനായി നിരവധി പദ്ധതികളും അദ്ദേഹം ഒരുക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here