പിതാവിന്റെ 271 കോടി സ്വത്തിന് വേണ്ടിയുള്ള തര്‍ക്കം; നടന്‍ ശിവാജി ഗണേശന്റെ കുടുംബത്തില്‍ നടക്കുന്നതിത്

0
76

ഇന്ത്യന്‍ സിനിമയിലെ പേര് കേട്ട നടനാണ് ശിവാജി ഗണേശന്‍. ഇന്നും രാജ്യത്തെ മികച്ച നടന്മാരില്‍ ഒരാള്‍ എന്ന പേരില്‍ അദ്ദേഹം അറിയപ്പെടുകയാണ്. നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ശിവാജി ഗണേശന്‍ 2001 ജൂലൈ ഇരുപത്തിയൊന്നിനാണ് അന്തരിച്ചത്. ഈ ജൂലൈയില്‍ താരത്തിന്റെ ഓര്‍മ്മകള്‍ക്ക് 21 വര്‍ഷം പൂര്‍ത്തിയാവും. എന്നാല്‍ ശിവാജിയുടെ കുടുംബത്തില്‍ ഇപ്പോള്‍ നടക്കുന്നത് ആരാധകരെ പോലും ഞെട്ടിപ്പിച്ച ചില സംഭവങ്ങളാണ്. ശിവാജി ഗണേശന്റെ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം കോടതിയില്‍ എത്തിയിരിക്കുകയാണ്. പിതാവിന്റെ സ്വത്തിന് അവകാശം പറഞ്ഞ് പെണ്‍മക്കള്‍ രംഗത്ത് വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

നടന്‍ പ്രഭു, നിര്‍മാതാവ് രാംകുമാര്‍, ശാന്തി, രാജ്‌വി എന്നിങ്ങനെ നാല് മക്കളാണ് ശിവാജി ഗണേശനുള്ളത്. എന്നാല്‍ പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കള്‍ക്കും അവകാശമുണ്ടെന്ന് ചൂണ്ടി കാണിച്ചാണ് ശാന്തിയും രാജ്‌വിയും രംഗത്ത് വന്നത്. പ്രഭുവും രാംകുമാറും അനധികൃതമായി സ്വത്ത് തട്ടിയെടുത്തു എന്നാണ് മദ്രാസ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. തങ്ങളറിയാതെ ചില സ്വത്തുക്കള്‍ വിറ്റുവെന്നും സഹോദരന്മാര്‍ വ്യാജ വില്‍പ്പത്രം തയ്യാറാക്കി കബളിപ്പിച്ചതായും സഹോദരിമാര്‍ പറയുന്നു.

ഗോപാലപുരത്തുണ്ടായിരുന്ന ശിവാജിയുടെ വീട് പ്രഭുവും രാംകുമാറും അഞ്ച് കോടിയ്ക്ക് വിറ്റു. റോയപ്പേട്ടയിലെ നാല് വീടുകളുടെ വാടകയില്‍ഒരു വിഹിതം പോലും നല്‍കുന്നില്ല. അമ്മയുടെ സ്വത്തിന്റെയും പത്ത് കോടിയോളം വിലമതിക്കുന്ന ആയിരം പവന്‍ സ്വര്‍ണം, വജ്രം, വെള്ളി തുടങ്ങിയ ആഭരണങ്ങളുടെ വിഹിതവും തരാതെ വഞ്ചിച്ചതായും പരാതിയില്‍ പറയുന്നു.

അഭിനയത്തില്‍ തിളങ്ങി നിന്ന കാലത്ത് ശിവാജി ഗണേശന്‍ ചെന്നൈയില്‍ പലയിടത്തും സ്വത്തുക്കള്‍ വാങ്ങിയിരുന്നു. നിലവില്‍ 271 കോടി രൂപയോളം മൂല്യമുള്ള സ്വത്തുക്കള്‍ താരത്തിന് ഉണ്ടെന്നാണ് വിവരം. അതേ സമയം തങ്ങളുടെ പിതാവ് ഒരു വില്‍പ്പത്രവും തയ്യാറാക്കിയിട്ടില്ല. സഹോദരന്മാര്‍ ചേര്‍ന്നാണ് അതുണ്ടാക്കിയതെന്നുമാണ് താരപുത്രിമാര്‍ പറയുന്നത്. നിലവില്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് ഒന്നടങ്കം ഈ വിഷയം വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. ഇതുവരെ പ്രഭുവോ സഹോദരൻ രാംകുമാറോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. വൈകാതെ താരങ്ങളുടെ പ്രതികരണം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here