അബുദാബി• പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെ തന്റെ ഹ്രസ്വസന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്കു മടങ്ങി. ജർമനിയിൽ നിന്നു ജി7 സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണു മോദി അബുദാബിയിലെത്തിയത്. ഏതാണ്ട് ഒന്നര മണിക്കൂറോളം സമയമായിരുന്നു മോദി യുഎഇയിൽ ഉണ്ടായിരുന്നത്.
ഇതിനിടെ, പ്രത്യേക മുറിയിൽ വച്ച് യുഎഇ പ്രസിഡന്റും മറ്റു രാജകുടുംബാംഗങ്ങളുമായി യോഗം ചേർന്നു. കഴിഞ്ഞ മാസം അന്തരിച്ച മുൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിച്ചു. ഷെയ്ഖ് തഹ്നൂം, ഷെയ്ഖ് മൻസൂർ, ഷെയ്ഖ് ഹമദ്, ഷെയ്ഖ് അബ്ദുല്ല തുടങ്ങിയവരും സന്നിഹിതരായിരുന്നു.
കൂടാതെ, പുതിയ തിരഞ്ഞെടുപ്പിൽ പുതിയ പ്രസിഡന്റായി അധികാരമേറ്റ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യ–യുഎഇ ബന്ധം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടു പോകാൻ ഇരു നേതാക്കളും തീരുമാനിച്ചു.