ഒരു മാസം വൈകി, എങ്കിലും ഫുജി അഗ്നിപര്‍വ്വതം വീണ്ടും മഞ്ഞണിഞ്ഞു.

0
51

ലോകത്തിലെ കാലാവസ്ഥാ വ്യതിയാനത്തെ സൂക്ഷ്മമായി പിന്തുടരുന്നവര്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജപ്പാനിലെ ഫുജി അഗ്നിപര്‍വ്വത്തിന് പിന്നാലെയായിരുന്നു. 130 വര്‍ഷത്തിനിടെ ആദ്യമായി ഫുജി അഗ്നിപര്‍വ്വതത്തില്‍ നിന്നും മഞ്ഞ് അപ്രത്യക്ഷമായതായിരുന്നു ആശങ്ക വര്‍ദ്ധിപ്പിച്ചത്. ഇതിനകം പ്രവര്‍ത്തനരഹിതമായ അഗ്നിപര്‍വ്വതമാണ് ഫുജി. 1894 -ലാണ് ആദ്യമായി ഫുജി അഗ്നിപര്‍വ്വതത്തെ കുറിച്ചുള്ള രേഖപ്പെടുത്തലുകള്‍ ആരംഭിക്കുന്നത്. ഇതിന് ശേഷം ആദ്യമായിട്ടാണ് ഈ വര്‍ഷം ഫുജി അഗ്നിപര്‍വ്വതം മഞ്ഞില്ലാത്ത ഓക്ടോബര്‍ മാസം കടന്ന് പോയത്.

സാധാരണയായി ഒക്ടോബർ ആദ്യം മുതൽ പകുതി വരെ അഗ്നിപർവ്വതത്തിലെ കൊടുമുടിക്ക് ചുറ്റും മഞ്ഞ് വീഴ്ചയുണ്ടാകാറുണ്ട്. ഈ സമയത്ത് പര്‍വ്വതത്തിന് ഒരു പ്രത്യേക ഭംഗിയാണ്. നിരവധി സഞ്ചാരികളാണ് ഇക്കാലത്ത് പര്‍വ്വതം കാണാനായി എത്താറുള്ളത്. എന്നാല്‍ ഇത്തവണ സഞ്ചാരികളെ നിരാശരാക്കി ഫുജിയില്‍ നിന്നും മഞ്ഞൊഴിഞ്ഞ് നിന്നു. ഒടുവില്‍ പതിവ് തെറ്റി ഏതാണ്ട് ഒരു മാസത്തിന് ശേഷം പര്‍വ്വത മുകളില്‍ മഞ്ഞ് വീഴ്ച സജീവമായി.

നവംബർ 6 ന് ഷിസുവോക്കയിലെ ജപ്പാൻ കാലാവസ്ഥാ ഏജൻസിയാണ് ഫുജി പർവതത്തിൽ മഞ്ഞ് കണ്ടെത്തിയത്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള താപനില ശരാശരിയേക്കാൾ 1.76 സെൽഷ്യസ് (3.1 ഫാരൻഹീറ്റ്) കൂടുതലായതിനാൽ, ജപ്പാനിൽ ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് 2003 -ലായിരുന്നു ചൂട് കൂടിയ വർഷം രേഖപ്പെടുത്തിയത്. സെപ്റ്റംബർ മാസത്തില്‍ ജപ്പാനില്‍ പതിവിലും ചൂടുള്ള കാലാവസ്ഥയായിരുന്നു. ഓക്ടോബറിലും ഈ താപനില തുടര്‍ന്നതോടെ ഫുജിയില്‍ നിന്നും മഞ്ഞ് അകന്ന് നിന്നു. 2016 ഒക്ടോബർ 26 ആയിരുന്നു ഇതിന് മുമ്പ് ഏറ്റവും വൈകി ഫുജിയില്‍ മഞ്ഞെത്തിയ വര്‍ഷം.

ഒടുവിൽ പ്രതീക്ഷിച്ചതിലും ഒരുമാസം വൈകിയാണ് ഫുജിയില്‍ മഞ്ഞ് വീഴ്ച കണ്ടെത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ജപ്പാനിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്നായ മൗണ്ട് ഫുജി. മഞ്ഞണിഞ്ഞ ഫുജി അഗ്നിപര്‍വ്വതത്തിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ആഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ടോക്കിയോയുടെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഫുജി പർവ്വതത്തിന് 3,776 മീറ്റർ (12,460 അടി) ഉയരമാണുള്ളത്. 300 വർഷങ്ങൾക്ക് മുമ്പാണ് ഫുജി അവസാനമായി പെട്ടിത്തെറിച്ചത്. ടോക്കിയോയില്‍ നിന്നുള്ള ഫുജിയുടെ കാഴ്ച സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here