ചരിത്രം കുറിച്ച് RRR ‘നാട്ടു നാട്ടു’ മികച്ച ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം

0
73

ന്യൂഡൽഹി: ലോകപ്രശസ്തമായ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരവേദിയിൽ ചരിത്രമെഴുതി ഇന്ത്യൻ സിനിമ. എസ് എസ് രാജമൗലിയുടെ RRR സിനിമയിലെ ‘നാട്ടു നാട്ടു’ ഏറ്റവും മികച്ച ഗാനത്തിനുള്ള 2023ലെ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടി. പ്രശസ്ത സംഗീതസംവിധായകൻ എം എം കീരവാണിയാണ് ആർആർആറിലെ നാട്ടു നാട്ടു എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയത്.  വേർ ദി ക്രോഡാഡ്‌സ് സിംഗിൽ നിന്നുള്ള ടെയ്‌ലർ സ്വിഫ്റ്റിന്റെ കരോലിന, ഗില്ലെർമോ ഡെൽ ടോറോയുടെ പിനോച്ചിയോയിൽ നിന്നുള്ള സിയാവോ പാപ്പ, ടോപ്പ് ഗണ്ണിൽ നിന്നുള്ള ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്: മാവെറിക്ക്, ലിഫ്റ്റ് മി അപ്പ് ഫ്രം ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ എന്നിവയെ പിന്തള്ളിയാണ് ആർആർആറിലെ ഗാനം പുരസ്ക്കാരം നേടിയത്.

പതിനാല് വർഷത്തിന് ശേഷമാണ് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009ൽ എ ആർ റഹ്മാനാണ് മുമ്പ് പുരസ്കാരം നേടിയത്.

ഗോൾഡൻ ഗ്ലോബിൽ മികച്ച സഹനടനുള്ള പുരസ്കാരം എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ് എന്ന സിനിമയിലെ അഭിനയത്തിന് കീ ഹുയ് ഹ്വാൻ നേടി. ഏഞ്ചല ബാസെറ്റ് ആണ് മികച്ച സഹനടി. ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോറെവർ എന്ന സിനിമയിലെ അഭിനയമാണ് ഏഞ്ചലയെ പുരസ്കാരത്തിനർഹയാക്കിയത്.

RRR-നെ ഗോൾഡൻ ഗ്ലോബ്സിൽ പ്രതിനിധീകരിച്ച് എസ്എസ് രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ, ഭാര്യ ഉപാസന കാമിനേനി എന്നിവരും എത്തിയിരുന്നു. 1920-കളിലെ ബ്രിട്ടീഷ് അധിനിവേശ ഇന്ത്യ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ ജൂനിയർ എൻടിആറും രാം ചരണും സ്വാതന്ത്ര്യ സമര സേനാനികളായ കൊമരം ഭീമിനെയും അല്ലൂരി സീതാരാമരാജുവിനെയും അവതരിപ്പിക്കുന്നു. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ബ്രിട്ടീഷ് അഭിനേതാക്കളായ റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് തുടങ്ങിയവർ ചിത്രത്തിലുണ്ട്.

ആഗോളതലത്തിൽ 1,200 കോടി രൂപയിലധികം കളക്ഷൻ നേടിയ RRR, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിൽ മികച്ച സംവിധായകനുള്ളത് ഉൾപ്പടെ നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. RRRന് വിവിധ വിഭാഗങ്ങളിൽ ഓസ്ക്കാർ നോമിനേഷനായി സമർപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here