സ്റ്റേറ്റ് എമർജൻസി ഓപറേഷൻസ് സെന്റർ: ദുരന്തവേളകളിൽ കേരളത്തിന് കണ്ണിമ ചിമ്മാത്ത കാവൽ

0
107

ദുരന്തവേളകളിൽ കേരളത്തിന്റെ കണ്ണും കാതുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ സ്റ്റേറ്റ് എമർജൻസി ഓപറേഷൻസ് സെന്റർ പ്രവർത്തനം മുന്നോട്ട്. വിവിധ സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ വിശകലനം ചെയ്തും ദുരന്തസാധ്യകൾ മുൻകൂട്ടി കണ്ട് രക്ഷാദൗത്യങ്ങൾ ഏകോപിപ്പിക്കാനും വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഫ്യൂഷൻ റൂം മാസങ്ങളായി ഇവിടെ പ്രവർത്തന സജ്ജമാണ്.

കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ചു മുതൽ ആരംഭിച്ച ഫ്യൂഷൻ റൂം ദുരന്തനിവാരണ അതോറിറ്റിയിലെ വിശകലനവിദഗ്ദ്ധരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ കൂടി ഏകോപിച്ചുകൊണ്ട് കണ്ണിമ ചിമ്മാതെ മുന്നോട്ടു പോവുകയാണ്. മുൻവർഷത്തെ പ്രളയത്തിന്റെ അനുഭവം മുന്നിൽ വച്ച് അതീവജാഗ്രതയോടെയാണ് ഈ വർഷം ഫ്യൂഷൻ റൂം സജ്ജമാക്കിയിരിക്കുന്നത്. കാലവർഷം കണക്കിലെടുത്ത് ജൂൺ ഒന്നു മുതൽ ദേശീയദുരന്തനിവാരണ സേന, സംസ്ഥാന പോലീസ്, ഫയർഫോഴ്‌സ്, ആരോഗ്യവകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവയെ ഉൾക്കൊള്ളിച്ചുകൊണ്ട് 24 മണിക്കൂർ പ്രവർത്തനം ആരംഭിച്ച ഇവിടെ മഴ കനത്തോടെ ആഗസ്റ്റ് അഞ്ചു മുതൽ കെ.എസ്.ഇ.ബി, ഇറിഗേഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകൂപ്പ് തുടങ്ങിയ വകുപ്പുകളെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. കാലാവസ്ഥാ നിരീക്ഷകർ, ജിയോളജിസ്റ്റുകൾ, ഹൈഡ്രോളജിസ്റ്റ്, പൊതുജനാരോഗ്യ വിദഗ്ധർ തുടങ്ങി ഓരോ മേഖലയിലെയും വിദഗ്ദ്ധരാണ് ഇവിടെ ഡാറ്റാ ശാസ്ത്രീയമായി വിശകലനം ചെയ്ത് മുന്നറിയിപ്പുകൾ തയാറാക്കുന്നത്.

പ്രാദേശിക ഭാഷയിലുൾപ്പെടെ മാപ്പുകളുടെ സഹായത്തോടെയാണ് അറിയിപ്പുകൾ കൈമാറുന്നത്. കേരളത്തിലുടനീളമുള്ള മഴ മാപിനികളിൽ നിന്നുള്ള വിവരങ്ങളും കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പുകളും ആധാരമാക്കി സംസ്ഥാനത്തെ നദികളികളിലെയും ഡാമുകളിലെയും ജലനിരപ്പും ഇവിടെ വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡാമുകൾ തുറക്കുന്നതിനും നദീതീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുമുള്ള അറിയിപ്പുകൾ നൽകുന്നത്.

കേന്ദ്രകാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള പ്രവർത്തനമാതൃകയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. എങ്കിലും സാധ്യമായ എല്ലാ ഓപ്പൺ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളും ഇവിടെ വിശകലന വിധേയമാക്കുന്നു. എൽ-1, എൽ-2, എൽ-3 എന്നിങ്ങനെ ദുരന്ത സാഹചര്യങ്ങളെ വിവിധ തലങ്ങളിൽ വിശകലനം ചെയ്തുകൊണ്ട് പ്രാദേശിക, സംസ്ഥാന, ദേശീയ തലങ്ങലിലുള്ള മുന്നൊരുക്കങ്ങളും രക്ഷാനടപടികളുമാണ് ദുരന്തങ്ങളുടെ തീവ്രതയ്ക്കനുസിരിച്ച് കൈക്കൊണ്ടുവരുന്നത്. എൽ-3 എന്ന നിലയിൽ ദേശീയതലത്തിലെ നടപടികളാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയ്ക്കു പുറമെ മൂന്നു സായുധ സേനാ വിഭാഗങ്ങളും സംസ്ഥാനത്ത് ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണ്. കരസേന പാങ്ങോട് സേനാ ആസ്ഥാനത്തും നാവിക സേന കൊച്ചിയിലും വ്യോമസേന ആക്കുളത്തും സജ്ജമായിട്ടുണ്ട്. സംസ്ഥാന പോലീസിനും ഫയർഫോഴ്‌സിനുമൊപ്പം എൻ.ഡി.ആർ.എഫ് ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുവരികയാണ്. വിശകലനം ചെയ്യുന്ന വിവരങ്ങൾ യഥാസമയം സർക്കാരിലേക്കും താഴേത്തട്ടിലേക്കും കൈമാറുന്നതിന് സുശക്തമായ വിവര വിനിമയ മാർഗ്ഗങ്ങളും ഫ്യൂഷൻ റൂമിൽ സജ്ജമാണ്.

വിവിധതലങ്ങളിലുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ, ഫേസ്ബുക്ക്, ട്വിറ്റർ, ഹോട്ട്‌ലൈനുകൾ എന്നിവയ്ക്കു പുറമെ ദുരന്തങ്ങൾ വാർത്താ വിനിമയ സൗകര്യങ്ങളെയും ബാധിക്കുന്ന ഘട്ടമുണ്ടായാൽ പ്രയോജനപ്പെടുത്താൻ വി-സാറ്റ്, ഇമ്രാസാറ്റ് തുടങ്ങിയ ഉപഗ്രഹ അധിഷ്ഠിത വിനിമയ സൗകര്യങ്ങളും ഇവിടെയുണ്ട് എന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ ഹെഡും ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറിയുമായ ഡോ: ശേഖർ എൽ. കുര്യാക്കോസ് അറിയിച്ചു. ഫ്യൂഷൻ റൂമിലെ ഓരോ പ്രവർത്തനവും മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും നേരിട്ടും അല്ലാതെയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here