ഐതിഹ്യ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ള സദ്യ ഇന്ന് നടക്കും. ആറന്‍മുള ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്ന വള്ള സദ്യയില്‍ അന്‍പതിനായിരത്തിലേറെ ആളുകളാവും പങ്കെടുക്കുക. കൊവിഡ് മഹാമാരിക്ക് ശേഷം ഇത്രയധികം ആളുകള്‍ പങ്കെടുക്കുന്ന ആദ്യ വള്ള സദ്യകൂടിയാവും അഷ്ടമിരോഹിണി ദിനത്തില്‍ ഇന്ന് നടക്കുക.
ഭഗവാനും, ഭക്തനും ഒന്നിച്ചിരുന്ന് അന്നമുന്നുണ്ണുന്നു എന്നതാണ് അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് പിന്നിലെ വിശ്വാസം. സാധാരണ വള്ള സദ്യയെക്കാള്‍ വിഭവങ്ങള്‍ കുറവാണെങ്കിലും ഈ വിശ്വാസത്തിലാണ് പതിനായിരങ്ങള്‍ ആറന്‍മുള ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ള സദ്യയില്‍ പങ്കെടുക്കാനായി എത്തുന്നത്. വഞ്ചിപ്പാട്ടിന്ര്‍റെ അകമ്പടിയോടെ ക്ഷേത്രക്കടവില്‍ നിന്ന് സ്വീകരിക്കുന്ന പള്ളിയോടങ്ങളിലെ തുഴച്ചില്‍ക്കാര്‍ക്കൊപ്പമാവും കരക്കാരും ഇന്ന് അഷ്ടമിരോഹിണി വള്ള സദ്യയില്‍ പങ്കെടുക്കുക.
മുന്നൂറു പറ അരിയുടെ ചോറാണ് ഇന്ന് ഭക്തര്‍ക്കായി വിളമ്പുക. അമ്പലപ്പുഴ പാല്‍പ്പായസവും, ചേനപ്പാടി ദേശക്കാരുടെ പാള തൈരും, വറുത്ത എരിശ്ശേരിയും എല്ലാം അഷ്ടമിരോഹിണി വള്ള സദ്യയിലെ പ്രത്യക വിഭവങ്ങളാണ്. എല്ലാ കരകളില്‍ നിന്നുള്ളവര്‍ക്കും വള്ളസദ്യയില്‍ പങ്കെടുക്കാം എന്നതാണ് ഇന്നത്തെ സദ്യയുടെ ഏറ്റവും വലിയ പ്രത്യേകത. രാവിലെ 11.30 ന് ആരംഭിക്കുന്ന സദ്യ വൈകിട്ട് നാലുമണിയോടെയാവും അവസാനിക്കുക.