മഹാ കുംഭമേളയ്ക്ക് ചരിത്ര നേട്ടം;

0
43

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേള മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചു, വെള്ളിയാഴ്ച വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയ ഭക്തരുടെ എണ്ണം 50 കോടി കവിഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

യുപി സർക്കാർ പുറത്തുവിട്ടതും പി‌ടി‌ഐ റിപ്പോർട്ട് ചെയ്തതുമായ കണക്കുകൾ പ്രകാരം, 50 കോടി പേർ മഹാകുംഭ മേളയിൽ പങ്കെടുത്തു. ഫെബ്രുവരി 11-ഓടെ മഹാ കുംഭമേളയുടെ തുടക്കത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രവചിച്ചത് 45 കോടിയിലധികം ഭക്തർ സ്‌നാനം നടത്തുമെന്നാണ്.

എന്നാൽ ഈ കണക്കിനെയും മറി കടന്നിരിക്കുകയാണ് ഇപ്പോഴത്തെ കണക്ക്. ഫെബ്രുവരി 14 ആയപ്പോഴേക്കും എണ്ണം 50 കോടി കവിഞ്ഞു. ഇനി 10 ദിവസവും ഒരു അമൃത് സ്‌നാനും കൂടി ബാക്കിയുണ്ട്. ഇത് കഴിയുന്നതോടെ 55 മുതൽ 60 കോടി വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ദിവസം മാഘ പൂർണിമ ദിനമായിരുന്നു. അന്നത്തെ ദിവസം മാത്രം, 73.60 ലക്ഷം പേരാണ് ത്രിവേണി സംഗമത്തിൽ സ്‌നാനം നടത്തിയത്. ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത് മൗനി അമാവാസിയിലായിരുന്നു.

അന്ന് 8 കോടിയിലധികം പേരാണ് കുംഭമേളയിൽ പങ്കെടുത്തത്. മകരസംക്രാന്തിയിലും ബസന്ത് പഞ്ചമിയിലും യഥാക്രമം 3.5 കോടി ഭക്തരും 2.5 കോടിയിലധികം ഭക്തരും പങ്കെടുത്തു.ജനുവരി 30, ഫെബ്രുവരി 1 തുടങ്ങിയ മറ്റ് ദിവസങ്ങളിലും 2 കോടിയിലധികം ആളുകൾ വീതം പങ്കെടുത്തു.

പൗഷ പൂർണിമയിൽ 1.7 കോടിയിലധികം പേർ പങ്കെടുത്തു.തിരക്ക് വർദ്ധിച്ചു വരുന്നതിനാൽ കനത്ത സുരക്ഷയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിൽ നിന്നും പരിപാടികൾ നിരീക്ഷിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ഫെബ്രുവരി 26 ന് മഹാ കുംഭമേള അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here