ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജയം നേടിയിട്ട് ആഴ്‌ച ഒന്ന് പിന്നിട്ടിട്ടും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ് ബിജെപി. എന്നാൽ ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 19ന് മുഖ്യമന്ത്രിയുടെ പേര് ബിജെപി പ്രഖ്യാപിച്ചേക്കും. ദിവസങ്ങൾ നീണ്ട സസ്പെൻസിന് ശേഷമാണ് ബിജെപി ഡൽഹിയിലെ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.
ഫെബ്രുരി 20ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ കൂടുതൽ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച 48 ബിജെപി നിയമസഭാംഗങ്ങളിൽ നിന്ന് 15 പേരുകൾ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
ഇതിൽ ഒൻപത് പേരുകൾ നിർണായക സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തികളുടേതാണ്. മുഖ്യമന്ത്രി, സംസ്ഥാന കാബിനറ്റ് മന്ത്രിമാർ, സ്‌പീക്കർ എന്നീ സുപ്രധാന പദവികളിലേക്കാണ് ഈ ഒൻപത് പേരുകൾ പരിഗണിക്കുന്നത്. എന്നാൽ ആരൊക്കെയാണ് ഈ സാധ്യത പട്ടികയിൽ ഉൾപ്പെട്ടത് എന്ന കാര്യത്തിൽ ഇതുവരെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. അതേസമയം, നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് ശേഷം ഡൽഹി മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. അതിനായി ചർച്ചകൾ നടന്നിരുന്നു. ഡൽഹിയിൽ ബിജെപിയുടെ ഉന്നതതല യോഗങ്ങൾ ഒട്ടേറെ നടന്നു. എങ്കിലും ആരാണ് രാജ്യ തലസ്ഥാനത്ത് മുഖ്യമന്ത്രിയായി വരിക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇടയ്ക്ക് ഡൽഹിയിൽ വീണ്ടും വനിതാ മുഖ്യമന്ത്രി എത്താനുള്ള സാധ്യതകൾ ഒക്കെ തെളിഞ്ഞിരുന്നു. നാല് വനിതകളെ ഇതിനായി പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. അരവിന്ദ് കെജ്രിവാളിനെ അട്ടിമറിച്ച പർവേഷ് വർമ ഉൾപ്പെടെയുള്ള നേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
തീരുമാനം വൈകുന്നതിൽ പല ഭാഗത്ത് നിന്നും വിമർശനം ഉയരുന്നുണ്ട്. പ്രധാനമന്ത്രി നാട്ടിൽ എത്തിയ സാഹചര്യത്തിൽ ഇനി തീരുമാനം വൈകില്ലെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വനിതാ മുഖ്യമന്ത്രി ഒരിക്കൽ കൂടി ഡൽഹിയിൽ അധികാര കസേരയിൽ ഇരിക്കുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
ഇത്തവണ തിരഞ്ഞെടുപ്പിൽ എഎപിയെ മലർത്തിയടിച്ചു കൊണ്ടായിരുന്നു ബിജെപി ജയം സ്വന്തമാക്കിയത്. ആകെയുള്ള 70 സീറ്റുകളിൽ 48 എണ്ണവും ബിജെപി നേടുകയായിരുന്നു. രണ്ട് വട്ടം അധികാരത്തിൽ ഇരുന്ന എഎപിയെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇക്കുറി ബിജെപി അധികാരം പിടിച്ചെടുത്തത്. 27 വർഷത്തിന് ശേഷമാണ് ഡൽഹിയിൽ ബിജെപി ഭരണത്തിന് ഒരുങ്ങുന്നത്.