വടകരയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോവുന്നതിനിടയിലായിരുന്നു മിമിക്രി കലാകാരന്മാരായ കൊല്ലം സുധി(Kollam Sudhi), ബിനു അടിമാലി(Binu Adimali) തുടങ്ങിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കൊല്ലം സുധി മരണപ്പെട്ടിരുന്നു. പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി ആശുപത്രി വിട്ടു.
യാതൊരു വിധ കുഴപ്പമങ്ങളുമില്ലെന്നും പ്രാർഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ‘‘എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തു, എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു. കുഴപ്പങ്ങളൊന്നുമില്ല. ഞാന്‍ ഇപ്പോള്‍ നടന്നല്ലേ കാറില്‍ കയറിയത്,’’ എന്നായിരുന്നു ബിനു അടിമാലിയുടെ പ്രതികരണം.
ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടമുണ്ടാകുകയായിരുന്നു. സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോൻ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു. ബിനു അടിമാലിയൊപ്പം ഉല്ലാസ് അരൂരും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.
ജീവിതത്തോടും സാഹചര്യങ്ങളോടും പടപൊരുതി കയറിവന്ന ജീവിതമാണ് കൊല്ലം സുധിയുടേത്. സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി ഇന്ന് സാധാരണ പ്രേക്ഷകർക്ക് ചിരപരിചിതനാണ്. ആ ഒരു സാഹചര്യത്തിലേക്കുള്ള സുധിയുടെ യാത്ര വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ഉത്സവകാലത്ത് അമ്പല പറമ്പുകളില്‍ സ്റ്റേജ് ഷോകളിലും മറ്റും സ്‌കിറ്റും കോമഡിയും ചെയ്താണയിരുന്നു സുധിയുടെ തുടക്കം. വളരെ വര്‍ഷങ്ങളെടുത്താണ് സുധി ഇന്നു കാണുന്ന കൊല്ലം സുധിയായി മാറിയത്. സുധി ജനിച്ചത് കൊച്ചിയിലായിരുന്നു. അച്ഛന്‍ ശിവദാസന്‍ കൊച്ചിന്‍ കോര്‍പ്പറേഷനിലെ റവന്യൂ ഇന്‍സ്‌പെക്ടറായിരുന്നു. അമ്മയുടെ പേര് ഗോമതി. ജനനം കൊച്ചിയിലയിരുന്നെങ്കിലും സുധിയുടെ ബാല്യകാലം കൊല്ലത്തായിരുന്നു. തൻ്റെ 16മത്തെ വയസ്സു മുതലാണ് സുധി കലാരംഗത്തേക്ക് ഇറങ്ങിത്തുടങ്ങിയത്.
അന്നുമുതൽ മരണം നടക്കുന്ന ദിവസം വരെ സമാനതകളില്ലാത്ത വിവിധ പ്രശ്നങ്ങളിലൂടെ സുധി കടന്നു പോയിട്ടുണ്ട്. തൻ്റെ ഭാര്യ വിട്ടുപോയ സംഭവമാണ് വ്യക്തി ജീവിതത്തില്‍ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് സുധി തുറന്നു പറഞ്ഞിട്ടുണ്ട്. ആ സംഭവം വേദന മാത്രമല്ല വലിയ തളർച്ചയും തന്നു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് സുധി ആദ്യ ഭാര്യയെ സ്വന്തമാക്കിയത്. തുടർന്ന് മകൻ ജനിച്ചു. മകന്‍ രാഹുലിന് ഒന്നരവയസ്സുള്ളപ്പോള്‍ ആദ്യ ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോകുകയായിരുന്നു. തകർന്നുപോയ നിമിഷങ്ങൾ. പിന്നീട് ഉപജീവനമാർഗ്ഗമായ കലാജീവിതത്തോടൊപ്പം മകനേയും കൊണ്ടുപോകേണ്ട ചുമതലയായി. സ്‌റ്റേജ് ഷോകള്‍ക്കെല്ലാം കുഞ്ഞായ മകനെയും കൂടെ കൂട്ടിയിരുന്നു എന്ന് സുധി പറഞ്ഞിട്ടുണ്ട്.