വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് കേരളം

0
68

തിരുവനന്തപുരം: സംരക്ഷിതവനമേഖലയ്ക്കു ചുറ്റും ഒരുകിലോമീറ്റർ കരുതൽമേഖല (ബഫർസോൺ) വേണമെന്ന വ്യവസ്ഥയിൽ കേരളത്തിന് പ്രത്യേക ഇളവ് വേണമെന്ന് കേന്ദ്ര വനംമന്ത്രി അശ്വനി കുമാർ ചൗബെയോട് സംസ്ഥാന വനംവകുപ്പ്. ഇതരസംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ സാഹചര്യമാണ് കേരളത്തിലേതെന്ന് ചൂണ്ടിക്കാട്ടിയാണ് അവലോകന യോഗത്തിൽ വനംമേധാവി ബെന്നിച്ചൻ തോമസ് ഇളവ് അഭ്യർഥിച്ചത്.

ജനവാസമേഖലകളെ ഒഴിവാക്കി കരുതൽമേഖല എന്ന പരിഷ്കരിച്ച ശുപാർശ സംസ്ഥാനം നൽകിയിട്ടുണ്ട്. ഇത് പരിഗണിച്ച് അന്തിമവിജ്ഞാപനമിറക്കണം. വിദഗ്ധസമിതിയോഗങ്ങൾ ഉൾപ്പെടെയുള്ളവ പൂർത്തിയാക്കിയാണ് ശുപാർശ നൽകിയതെന്ന് വനംമേധാവി കേന്ദ്രമന്ത്രിയെ അറിയിച്ചു. വനംവകുപ്പിന് കിട്ടാനുള്ള കേന്ദ്രഫണ്ട് അനുവദിക്കണമെന്നായിരുന്നു മറ്റൊരാവശ്യം.

നീലഗിരി ബയോസ്പിയർ റിസർവ്, വയനാട് വൈൽഡ് ലൈഫ് സാങ്ച്വറി റീലൊക്കേഷൻ, തണ്ണീർത്തട-കണ്ടൽ സംരക്ഷണം തുടങ്ങിയവയ്ക്കായി കേന്ദ്രവിഹിതം കിട്ടണം. സംസ്ഥാനം 40 ശതമാനവും കേന്ദ്രം 60 ശതമാനവും തുക വകയിരുത്തി നടത്തുന്ന പദ്ധതികൾക്ക് സമയത്തിന് കേന്ദ്രഫണ്ട് കിട്ടാത്തത് പ്രശ്നമാകുന്നു.യോഗത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്, പി.സി.സി.എഫുമാരായ നോയൽ തോമസ്, ഡി. ജയപ്രസാദ്, ഇ. പ്രദീപ്കുമാർ, എ.പി.സി.സി.എഫുമാരായ രാജേഷ് രവീന്ദ്രൻ, പ്രമോദ് ജി. കൃഷ്ണൻ എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here