മാമലകൾക്കപ്പുറത്ത്, മരതക പട്ടുടുത്ത്, സുന്ദരമായ എൻറെ നാട്. നമ്മളോരോരുത്തരുടേയും നാട്. ഏതാണ്ട് പത്തു നാൽപതു വർഷങ്ങൾക്കപ്പുറത്ത് നാം ഓടിക്കളിച്ചു നടന്ന നമ്മുടെ നാട്. അതെ…….. അതായിരുന്നു യഥാർത്ഥത്തിൽ “ദൈവത്തിന്റെ സ്വന്തം നാട്”. ആ നാടിനെക്കുറിച്ചുള്ള ഓർമ്മകൾ ഒരു ഗൃഹാതുരത്വത്തോടെ ഞാൻ ഓർക്കുകയാണ്.
ഓരോ വീട്ടിന്റെയും തൊഴുത്തിലെപ്പോഴും ഒരു പശുവിനെങ്കിലും കറവ ഉണ്ടാവുമായിരുന്നു. പാലും, മോരും, തൈരും, വെണ്ണയും, നെയ്യും, അടുക്കളയിലെപ്പോഴും നിറഞ്ഞു നിൽക്കുമായിരുന്നു.
പുതുമഴ പെയ്താൽ പറമ്പ് മുഴുവൻ കിളക്കുകയോ അല്ലെങ്കിൽ ഉഴുതു മറിക്കുകയോ ചെയ്യുമായിരുന്നു. വർഷാവർഷം തെങ്ങുകൾക്കെല്ലാം തടമെടുത്ത് വളം നൽകുമായിരുന്നു. അതിന് നന്ദിയായി തെങ്ങ് തിങ്ങിക്കായിച്ച് പ്രസാദിക്കുമായിരുന്നു. പത്ത് സെന്റിൽ നിന്ന് കിട്ടിയ തേങ്ങയിൽ വീട്ടാവശ്യത്തിനുള്ളത് എടുത്ത് ബാക്കി ഉണക്കി കൊപ്രയാക്കി ആട്ടിയ വെളിച്ചെണ്ണ കൊണ്ടുവരുമ്പോൾ ആ പ്രദേശം മുഴുവൻ ആ ശുദ്ധമായ പുത്തൻ വെളിച്ചെണ്ണയുടെ സുഗന്ധം, ഹൊ പറഞ്ഞറിയിക്കാൻ പറ്റില്ല.
നെല്ലും, പയറും, മുതിരയും, ഉഴുന്നും ഒരു പോലെ മുറ്റത്തുകിടന്ന് ഉണങ്ങുമായിരുന്നു.
അമ്മ വയലിൽ നടുന്ന പച്ചക്കറിക്ക് വെള്ളമൊഴിക്കാനായി കിളച്ചു ചാലാക്കുന്ന അച്ഛൻ; ചെറിയ കുടങ്ങളിൽ വെള്ളം തൂക്കി നിരയായി കുട്ടികൾ വാഴയെയും, ചീരയെയും, പാവലിനെയും, വെണ്ടയെയും നനച്ചിരുന്നു. ഇടയ്ക്കൊക്കെ മൂക്കാത്ത, ഒരു വിഷവുമില്ലാത്ത വെണ്ടയും, വെള്ളരിയും അമ്മ കാണാതെ പൊട്ടിച്ചു വായിലാക്കും.
വൈകുന്നേരമായാൽ തലേന്ന് കത്തിച്ചു വെച്ച കരിപിടിച്ച കറുത്ത മണ്ണെണ്ണ വിളക്ക് തുടച്ചുമിനുക്കി എടുക്കണം. അതുകഴിഞ്ഞാൽ കിണറ്റിൻ കരയിൽ ചെന്ന് ആഘോഷമായി ശുദ്ധമായ വെള്ളമെടുത്ത് ലൈഫ്ബോയ് സോപ്പും, ചകിരിയുമുപയോഗിച്ചുള്ള തേച്ചുകുളി. മാത്രമല്ല കൂടെ ആകെയുണ്ടായിരുന്ന വള്ളിച്ചെരുപ്പിനെയും തേച്ചു കുളിപ്പിക്കും.
കടയിൽ പോയി സന്ധ്യക്ക് വീട്ടിലേക്ക് മടങ്ങി വരുന്ന അച്ഛന്റെ എവറെഡി ടോർച്ചിന്റെയോ അല്ലെങ്കിൽ ചൂട്ടു കറ്റയുടെയോ ഇരുട്ടിലൂടെയുള്ള നേർത്ത വെളിച്ചം, കണ്ണിലും മനസ്സിലും പറഞ്ഞറിയിക്കാനാകാത്ത അനുഭൂതി തെളിയിക്കുന്ന ആ ആത്മബന്ധത്തിൻറെ കരുതലും, സുഖവും.
മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അമ്മ ചോറ് തിന്നാൻ വിളിക്കും. ആ വിളി കേൾക്കുന്നത് വരെയുള്ള പഠനവും, പുസ്തകവായനയും. മഴക്കാലമായാൽ പിന്നെ കൂട്ടിനു വയലിൽ നിന്നുമുള്ള തവളകളുടെ പേക്രോം പേക്രോം മേളം. പിന്നെ ഉള്ള പായ തപ്പിപ്പിടിച്ച് ഉറങ്ങാനുള്ള തിരക്ക് കൂട്ടൽ.
കാലത്തെണീറ്റാലുടനെ, തണുപ്പുകാലമാണെങ്കിൽ ഉണക്കയിലകൾ കൂട്ടയിട്ടു കത്തിച്ചു വട്ടം കൂടിയിരുന്നു “തീ കായൽ”. ആ സമയത്ത് മഞ്ഞു വീണു നനഞ്ഞ വൈക്കോൽ കൂനയിൽനിന്നും വെളുത്ത പുക കത്തിക്കുന്ന തീയുടെ ചൂട് കൊണ്ട് ഉയരുന്നുണ്ടാകും.
പിന്നെ കുളിയും, ചായ കുടിയും കഴിഞ്ഞ്, ഒൻപതര, പത്തു മണി എന്ന കണക്കിൽ, ബസ്സുണ്ടെങ്കിൽ അതിനു മുൻപായി പുസ്തകക്കെട്ടിനു ഇലാസ്റ്റിക്കും വലിച്ചിട്ട്, ബട്ടൺ പൊട്ടിയ ട്രൗസറും പിടിച്ചു ഒറ്റ ഓട്ടം സ്കൂളിലേക്ക്. സ്കൂളിൽ നിന്ന് തിരിച്ചു വരുമ്പോൾ അടുക്കളയുടെ ഓടിനിടയിൽ നിന്ന് പുകയുയരുന്നത് ദൂരെ നിന്ന് കാണുമ്പോഴെ ഉത്സാഹമാണ്. അമ്മ എന്തെങ്കിലും പലഹാരമുണ്ടാക്കുകയോ ഉണക്ക കപ്പയോ, ചേമ്പോ, പുഴുങ്ങുകയോ ആവും എന്നു മനസ്സിലാകുന്നു.
അതും കഴിഞ്ഞ്, ഒന്നെങ്കിൽ കന്നുകാലികളെയും കൊണ്ട് അല്ലെങ്കിൽ കൂട്ടുകാരൊത്ത് കണ്ടത്തിലേക്കോ, അടുത്തുള്ള പറമ്പിലേക്കോ ഒരോട്ടമാണ്. പന്ത് കളി, ഗോലി കാളി, കിളി കളി, കുട്ടിയും കോലും, കല്ല് കളി മുതൽ അങ്ങോട്ട് പലതരം കളികളും അഭ്യാസങ്ങളുമായി നേരമിരുണ്ട് വീട്ടിൽ നിന്ന് വിളി വരുന്നത് വരെ. അതാണ് സമയം.
അക്കാലത്തെ പലതരം കച്ചവടക്കാർ, എല്ലാവരും വർഷങ്ങളായി വീടുകളുമായി ബന്ധമുള്ളവർ. ഓട്ടു പത്രങ്ങൾ തലയിലേറ്റി കൊണ്ടുവരുന്ന ആളുകളും, വിഷു ആവുമ്പോഴേക്കും മൺപാത്രങ്ങൾ വലിയ കൊട്ടകളിൽ കൊണ്ട് നടന്ന് വിറ്റ് പകരം നെല്ലോ, പയറോ വാങ്ങി പോകുന്ന സ്ത്രീകളും, തഴപ്പായ നെയ്ത് വർഷാവർഷം പറയാതെ തന്നെ കിടന്നുറങ്ങാൻ വേണ്ടി വീട്ടിൽ കൊണ്ട് തന്നിരുന്ന അമ്മൂമ്മയും, കുട്ട നിറയെ കുപ്പി വളകളും, കണ്മഷിയും, മറ്റുമായി വന്നിരുന്ന വളക്കച്ചവടക്കാരും, ആഴ്ചകൾ തോറും വന്നിരുന്ന ഇൻസ്റ്റാൾമെന്റ് തുണി കച്ചവടക്കാരനും. അവരൊക്കെ ആ സംസ്കൃതിയുടെ ഓരോ ഭാഗങ്ങളായിരുന്നു.
അന്നൊക്കെ ആർക്കും ആരെയും, സംശയമോ, അകൽച്ചയോ ഭയമോ ഉണ്ടായിരുന്നതായി കണ്ടിട്ടില്ല. വീടുകൾക്കും, മനുഷ്യന്റെ മനസ്സുകൾക്കും മതിലുകളില്ലായിരുന്നു. ആളുകൾ എല്ലാ പറമ്പുകളിലൂടെയും, വീട് വളപ്പുകളിലൂടെയും യഥേഷ്ടം വഴി നടന്നിരുന്നു. എല്ലാം എല്ലാവരുടെയും സ്വന്തമാണെന്ന തോന്നലായിരുന്നു.
അരിയായാലും, തേങ്ങയായാലും, കപ്പയായായലും, മോരായാലും, ചുറ്റുമുള്ള വീടുകളിൽ എവിടെയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു. എല്ലാവർക്കും അതിൽ അവകാശം ഉണ്ടായിരുന്നു.
വീട്ടിലെ കറിക്ക് രുചിയില്ലെങ്കിൽ പത്രവുമെടുത്ത് അയലത്തേക്ക് ഒറ്റയോട്ടമായിരുന്നു. എവിടെ നിന്നും , എപ്പോഴും ഭക്ഷണമോ, വെള്ളമോ വാങ്ങിക്കഴിച്ചിരുന്നു. പ്രത്യേകിച്ച് എന്തെങ്കിലും പലഹാരം ഉണ്ടാക്കിയാൽ ഓരു ഓഹരി അയൽ വീടുകളിലും എത്തിയിരുന്നു.
കുട്ടികളിൽ കുരുത്തക്കേട് കണ്ടാൽ മുതിർന്നവർക്കും, അധ്യാപകർക്കും തല്ലാനും, ശാസിക്കാനും ആരുടെ മക്കളാണെന്ന് നോക്കേണ്ട ആവശ്യമില്ലായിരുന്നു. മക്കൾ എല്ലാവര്ക്കും മക്കളായിരുന്നു.
അടുത്ത വർഷം വരെ മനസ്സിൽ തങ്ങി നില്ക്കാൻ പാകത്തിൽ കൊല്ലത്തിൽ, ഒന്നോ, രണ്ടോ പ്രാവശ്യം മാത്രം ലഭിച്ചിരുന്ന മാസ്മരിക ഗന്ധം തീർത്തു മനസ്സിലും, ശരീരത്തിലും കുടിയേറിയിരുന്ന കോടി ഉടുപ്പുകൾ.
മുറ്റത്തു നിന്ന് മുല്ലയും, കനകാംബരവും പറിച്ചു കോർത്ത് മാലയുണ്ടാക്കി ഈശ്വരന് സമർപ്പിച്ചതും, തലയിൽ ചൂടിയതിന്റെയും ഗന്ധം ഇന്നും മനസ്സിൽ ഉണരുന്നു. തൊടികളിൽ നിന്നും ഇടവഴികളിൽ നിന്നും പൂക്കൾ പറിച്ച് ചേമ്പിലയിൽ പൊതിഞ്ഞു കൊണ്ട് വച്ച് പൂക്കളമുണ്ടാക്കിയ കാലം.
പിന്നീടെങ്ങോ പോയ് മറഞ്ഞ മനോഹരമായ ആ കാലം. ഇടയ്ക്കൊക്കെ വെറുതെയിരിക്കുമ്പോൾ ഒന്നോർത്തു നോക്കൂ. ഒന്ന് കണ്ണടച്ച് കൊടുത്താൽ മതി. നമ്മളെയുമെടുത്ത് അങ്ങ് പറക്കും.