തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറ മേള പ്രമാണി സ്ഥാനത്ത് നിന്ന് പത്മശ്രീ പെരുവനം കുട്ടൻമാരാരെ മാറ്റി.
പാറമേക്കാവ് ഭരണസമിതി യോഗത്തിലാണ് തീരുമാനം. 24 വർഷമായി ഇലഞ്ഞിത്തറ മേളപ്രമാണിയായിരുന്നു കുട്ടൻമാരാർ. മുതിർന്ന മേള പ്രമാണിക്ക് അവസരം നൽകാനാണ് ഈ തീരുമാനം എന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു. നിലവിലെ തിരുവമ്പാടി മേളപ്രമാണി മേളകലാരത്നം കിഴക്കൂട്ട് അനിയൻമാരാർ ഇലഞ്ഞിത്തറ മേളപ്രമാണിയാകും. 1961 ൽ പരിയാരത്ത് കുഞ്ഞൻമാരാർ പ്രമാണിയാകുന്ന 16 വയസ് മുതൽ 1999ൽ പെരുവനം കുട്ടൻമാരാർ മേളപ്രമാണി ആകുന്നത് വരെയുള്ള 38 വർഷക്കാലം പാറമേക്കാവിന്റെ മേളനിരയിൽ പ്രവർത്തിച്ചിരുന്ന കലാകാരനാണ് കിഴക്കൂട്ട് അനിയൻമാരാർ. 77 കാരനായ അനിയൻമാരാർ പാറമേക്കാവിന്റെ പാന അടക്കമുള്ള ക്ഷേത്രകാര്യങ്ങളിൽ സജീവമാണ്.