ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ വൈദ്യുതി ഓഫ് ചെയ്യണം; ഭൗമ മണിക്കൂര്‍ ആചരിക്കാൻ ആഹ്വാനം ചെയ്ത് കെഎസ്ഇബി

0
12

തിരുവനന്തപുരം : ഭൗമ മണിക്കൂര്‍ ആചരണത്തിൻ്റെ ഭാഗമായി ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ വൈദ്യുത വിളക്കുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും അണക്കണമെന്ന് ആഹ്വാനം ചെയ്ത് കെഎസ്ഇബി. ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനായി മാര്‍ച്ച് 22 ശനിയാഴ്ച രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാന്‍ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍ (WWF) ആണ് ആഹ്വാനം ചെയ്തത്.

എല്ലാ വര്‍‍ഷവും മാര്‍‍ച്ച് മാസത്തിലെ അവസാന ശനിയാഴ്ചയാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. ഈ വര്‍ഷം ആഗോള തലത്തിൽ അവസാനത്തെ ശനിയാഴ്ചയ്ക്ക് പകരം ലോകജലദിനം കൂടിയായ മാര്‍ച്ച് 22-നാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ പ്രതീകാത്മകമായി ഒരു മണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ അണച്ച് ഈ സംരഭത്തില്‍ പങ്ക് ചേരുന്നതാണ് ദിവസത്തിൻ്റെ പ്രത്യേകത

സംസ്ഥാനത്ത് ഭൗമ മണിക്കൂർ ആചരിക്കാൻ കെഎസ്ഇ.ബി പൊതുജനങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്. ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും അണച്ച്‌ ഭൂമിയെ ആഗോളതാപനത്തിൽനിന്നും കാലാവസ്ഥാ വ്യതിയാനത്തിൽനിന്നും സംരക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്നാണ് കെഎസ്ഇബി അറിയിച്ചത്.

ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം, പ്രളയക്കെടുതി തുടങ്ങിയവയുടെ ഭീഷണി അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തിൽ‍ ഊർജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കായുള്ള കർമപദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും കെഎസ്‌ഇബി അറിയിച്ചു

നിയമസഭാ മന്ദിരം, സെക്രട്ടറിയേറ്റ്, നഗരസഭ ആസ്ഥാനം എന്നിങ്ങനെ തലസ്ഥാന നഗരത്തിലെ പ്രധാനപ്പെട്ട കെട്ടിടങ്ങളിലെല്ലാം രാത്രി 8:30 മുതൽ 9:30 വരെ ഒരു മണിക്കൂർ അലങ്കാര ദീപങ്ങൾ അണയ്ക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി വേൾഡ് വൈഡ് ഫണ്ട്‌ സംസ്ഥാന ഡയറക്‌ടർ രഞ്ജൻ മാത്യു വർഗീസ് പറഞ്ഞു. സ്‌പീക്കർ എ എൻ ഷംസീർ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവർ ഭൗമ മണിക്കൂറുമായി സഹകരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ദൈനംദിന വൈദ്യുതി ഉപഭോഗത്തിന്‍റെ ഭൂരിഭാഗവും കേന്ദ്ര പൂളിൽ നിന്നാണ്. കാർബൺ ബഹിർഗമനത്തിലൂടെ ആഗോള താപനില ക്രമതീതമായി വർദ്ധിക്കുന്ന ഇക്കാലത്തും കൽക്കരി കത്തിച്ചാണ് രാജ്യത്തെ പ്രധാന വൈദ്യുതി ഉത്പാദനം. അത്യാവശ്യമുള്ള വിളക്കുകൾ മാത്രം തെളിയിച്ചു ലോകം മുഴുവൻ ആചരിക്കുന്ന ഭൗമ മണിക്കൂറിൽ പരമാവധി പൊതുജനങ്ങൾ പങ്കെടുക്കേണ്ടതിൻ്റെ പ്രാധാന്യം പൊതുജനങ്ങൾ മനസിലാക്കണമെന്നും രഞ്ജൻ മാത്യു അഭ്യർഥിച്ചു. പാളയം മുസ്ലിം പള്ളിയും സെന്‍റ് തോമസ് പള്ളിയും ഉൾപ്പെടെ നഗരത്തിലെ വൈദ്യുതാലങ്കാരങ്ങൾ മാർച്ച്‌ 22ന് ഒരു മണിക്കൂർ അണയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here