തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിൽ പുതിയ രീതി നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. ഡ്രൈവിങ് ടെസ്റ്റിനുള്ള ‘എച്ച്’ രീതി മാറ്റുമെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. റിവേഴ്സ് പാർക്കിങ്ങും കയറ്റത്തിൽ വണ്ടി നിർത്തി എടുക്കലുമടക്കമുള്ള പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. കെഎസ്ആർടിസി ആരംഭിച്ച ഡ്രൈവിങ് സ്കൂളുകളെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മോട്ടോർ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥർ തന്നെ കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളിലെ പഠിതാക്കളെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരുദ്യോഗസ്ഥർ ഒമ്പത് പേരെയാണ് ബോധപൂർവം തോൽപ്പിച്ചത്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കും. ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കിയതോടെ വിജയിക്കുന്നവരുടെ ശതമാനം കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് വിജയം 80ന് മുകളിൽ ആയിരുന്നു. നിലവിൽ ഇത് 52 ശതമാനം ആണ്. ഗുണനിലവാരത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും മന്ത്രി നിയമസഭയിൽ ചോദ്യോത്തരവേളയിൽ പറഞ്ഞു.വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിന് ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്‌റ്റേഷനുകൾ (എ ടി എസ്) സ്ഥാപിക്കും. പുതിയ 19 എ ടി എസുകൾ സ്ഥാപിക്കാനുള്ള ടെൻണ്ടർ നടപടി പുരോഗമിക്കുകയാണ്.
കൂടാതെ നിർമാണം പൂർത്തിയായ മൂന്ന് എടിഎസുകളുടെ പരിപാലനത്തിനും നിർമാണം ഭാഗികമായി പൂർത്തിയായ ആറ് എടിഎസുകൾ നിലവിലെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി അപ്‌ഗ്രേഡ് ചെയ്‌ത് തുടർ പരിപാലനത്തിനും പ്രത്യേക ടെൻഡർ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.