പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കാപ്പ’ ജനുവരി 19 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. തിരുവനന്തപുരം നഗരത്തിൽ ഒരുകാലത്ത് അഴിഞ്ഞാടിയിരുന്ന ക്വട്ടേഷൻ ഗാങ്ങുകളുടെ തീരാത്ത കുടിപ്പകയുടെ കഥയാണ് കാപ്പ പറയുന്നത്. പ്രമീളയെന്ന പെൺകുട്ടിയെ വിളിച്ചിറക്കി ജീവിതത്തിലേക്കു കൊണ്ടുവന്നതോടെ ക്വട്ടേഷൻ നേതാവായി മാറേണ്ടിവന്ന കൊട്ട മധുവിന്റെ കഥയാണ് കാപ്പ.
ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ലത്തീഫായി ദിലീഷ് പോത്തനും ജബ്ബാറിക്കയായി ജഗദീഷും ആനന്ദായി ആസിഫ് അലിയും പ്രമീളയായി അപർണയും ബിനുവായി അന്നയും ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ചിത്രത്തില്‍ ആസിഫ് അലിയും അന്ന ബെനും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‌കെ റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്.