COVID-19 നെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജർമ്മനി.
ജർമ്മനി : ആരോഗ്യ പ്രതിസന്ധിയെ നേരിടാൻ ഇന്ത്യയെ സഹായിക്കുന്നതിന് ജർമ്മനി അടിയന്തിരമായി ‘മിഷൻ ഓഫ് സപ്പോർട്ട്’ തയ്യാറാക്കുകയാണെന്ന് ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ പറഞ്ഞു. ഇന്ത്യയുടെ വൈറസിനെതിരായ പോരാട്ടത്തിൽ ജർമ്മനി ഐക്യദാർഢ്യം പുലർത്തുന്നുവെന്ന് ഉറപ്പ് നൽകിയതായി ആഞ്ചല മെർക്കലിൻറെ ഔദ്യോഗിക വക്താവ് സ്റ്റെഫെൻ സീബർട്ട് ട്വിറ്ററിലൂടെ അറിയിച്ചു.
“കോവിഡ് -19 ഇന്ത്യയിലെ ജനങ്ങളിൽ വരുത്തിയ ഭീതിയിലും, കഷ്ടപ്പാടിലും ഞാൻ
സഹതാപം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു. പാൻഡെമിക്കിനെതിരായ പോരാട്ടം നമ്മുടെയൊക്കെ പൊതുവായ പോരാട്ടമാണ്. ജർമ്മനി ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അടിയന്തിരമായി, സഹായത്തിനായി ഒരു പദ്ധതി തയ്യാറാക്കുകയും ചെയ്യുന്നുണ്ടെന്ന് ”മെർക്കൽ സന്ദേശത്തിൽ പറഞ്ഞു.
ജർമ്മനിയിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളുടെ അടിസ്ഥാനത്തിൽ ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് കർശനമായ കൊറോണ വൈറസ് നടപടികൾ പ്രാബല്യത്തിൽ വരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വൈറസ് വളരെ വേഗത്തിൽ പടരുന്ന പ്രദേശങ്ങളിൽ ഏകീകൃത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ഉയർന്ന അണുബാധയുള്ള പ്രദേശങ്ങളിൽ “എമർജൻസി ബ്രേക്ക്” പ്രയോഗിക്കാനുമുള്ള അടിയന്തര പദ്ധതിക്ക് രാജ്യം അനുമതി നൽകി. റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം ജർമ്മനിയിൽ 24 മണിക്കൂറിനുള്ളിൽ 23,000 പുതിയ COVID-19 കേസുകൾ രേഖപ്പെടുത്തി.
കൊറോണ വൈറസ് പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിലൂടെ ഇന്ത്യ കടന്നു പോകുകയാണ്. രാജ്യത്ത് ശരാശരി 2.5 ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 24 ന് ഇന്ത്യയിൽ 3.49 ലക്ഷത്തോളം പുതിയ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഒരു ദിവസത്തെ വർദ്ധനവാണ്. ആരോഗ്യ മന്ത്രാലയം നൽകിയ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,700 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.