തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. അസാധാരണായ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇന്ന് കോട്ടയത്ത് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയം നഗരത്തിലെത്തിയത്. വൻ സുരക്ഷാ വിന്യാസങ്ങൾക്കിടയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കരിങ്കൊടി കാട്ടിയ രണ്ട് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
വേദിയിലേക്കുള്ള റോഡ് പൂർണ്ണമായും അടച്ചു. ജനറൽ ആശുപത്രിക്ക് മുന്നിലും പരിപാടി നടക്കുന്ന മാമ്മൻമാപ്പിള ഹാളിന് മുന്നിലും പോലീസ് മതിൽ തീർത്തിരിക്കുകയാണ്. പ്രതിഷേധങ്ങളെ തുടർന്ന് ലോക്കൽ പോലീസിന് പുറമെ 25 സുരക്ഷാ സംഗമാണ് സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ചുപേർ, രണ്ടു കമാൻഡോ വാഹനത്തിൽ പത്ത് പേർ, ദ്രുതകർമസേനയുടെ എട്ടുപേരും സംഘത്തിലുണ്ട്. മുഖ്യമന്ത്രി മറ്റു ജില്ലകളിലേക്ക് കടക്കുമ്പോൾ 40 അംഗ സുരക്ഷ ഉദ്യോഗസ്ഥർ ഒപ്പമുണ്ടാകും. മറ്റു ജില്ലകളിൽ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അധികമായി ഒരു പൈലറ്റ് എസ്കോർട്ടുമുണ്ടാകും.
കോട്ടയത്ത് മധ്യമേഖലാ ഐ.ജി.അർഷിത അട്ടല്ലൂരി സുരക്ഷക്ക് മേൽനോട്ടം. നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നിൽ നിന്നവർക്ക് കറുത്തമാസ്കിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കറുത്ത മാസ്ക് മാറ്റാൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. പരിപാടിക്ക് എത്തുന്ന മാധ്യമ പ്രവർത്തകർക്കും കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പരിപാടി നടക്കുന്നതിന് ഒരു മണിക്കൂർ മുന്നേ തന്നെ മാധ്യമപ്രവർത്തകർ ഹാളിലെത്താനായിരുന്നു നിർദേശം.
റോഡരികിൽ കിടന്ന വാഹനങ്ങൾ ക്രൈയിൻ ഉപയോഗിച്ച് മാറ്റുകയും ചെയ്തു. മുന്നറിയിപ്പിലാതെയുള്ള റോഡടച്ചുള്ള നിയന്ത്രണങ്ങൾ ജനങ്ങളെ വലച്ചു.