കൊച്ചി: ജീർണ്ണാവസ്ഥയിലായ തേവര വെണ്ടുരുത്തി പഴയ പാലം പുനരുദ്ധരിച്ച് ഫുഡ് സ്ട്രീറ്റ് നിർമ്മിക്കാൻ ടൂറിസം വകുപ്പിന്റെ തീരുമാനം. ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ഇതോടെ കൊച്ചിയിലെ ഭക്ഷണ വിഭവങ്ങൾ കായലിന്റെ സൗന്ദര്യം നുകർന്നുകൊണ്ട് ആസ്വദിക്കാവുന്ന സ്ഥലമായി വെണ്ടുരുത്തി പാലം മാറുമെന്ന് കൊച്ചി മേയർ എം. അനിൽകുമാർ പറഞ്ഞു. പദ്ധതിയുടെ ചിലവ് ടൂറിസം വകുപ്പ് വഹിക്കും. ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്, സ്ട്രീറ്റ് ഫുഡ് അടക്കം ലഭിക്കുന്ന ഫ്രീ മാർക്കറ്റ്, വിനോദ പരിപാടികൾക്കൊരു കേന്ദ്രം എന്നിവയടക്കമാണ് ഇവിടെ വിഭാവനം ചെയ്യുന്നത്.
ഫോർട്ട് കൊച്ചിക്ക് ടൂറിസം പ്ലാൻ തയ്യാറാക്കാൻ ഇറിഗേഷൻവകുപ്പ് മദ്രാസ് ഐഐടി നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 42 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കാൻ ഇടപെടുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും മേയർ പറഞ്ഞു. ഡിസംബറിൽ ഫോർട്ട് കൊച്ചിയിൽ ആധുനിക ശുചിമുറി സമുച്ചയം സ്ഥാപിക്കും. ഫോർട്ട് കൊച്ചി ബീച്ച് സ്ഥിരമായി വൃത്തിയാക്കാൻ ടൂറിസംവകുപ്പുമായി ചേർന്ന് ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ മന്ത്രിയുടെ നിർദേശാനുസരണം തീരുമാനിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു.