തിരുവനന്തപുരം
സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിങ്കൾ വൈകിട്ട് നാലിന് അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജില്ലാകേന്ദ്രങ്ങളിൽ ജനപ്രതിനിധികൾ ഉദ്‌ഘാടനം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ റേഷൻ കാർഡുടമകൾക്ക് കിറ്റ് ലഭിക്കും. 14 ഇനമാണുള്ളത്. സപ്ലൈകോ സംസ്ഥാനത്തുടനീളം ഓണം ഫെയറുകളും സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്‌ഘാടനം 26ന് വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി നിർവഹിക്കും
അരികിലെത്തും
ക്ഷേമസ്ഥാപനങ്ങളിൽ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥർ സൗജന്യ ഭക്ഷ്യക്കിറ്റുകൾ എത്തിക്കും. നാലുപേർക്ക് ഒന്ന് എന്ന നിലയിലാണ് വിതരണം. 890 ക്ഷേമസ്ഥാപനത്തിലായി 37,634 പേരാണ് ഗുണഭോക്താക്കൾ. സംസ്ഥാനത്തെ 119 ആദിവാസി ഊരിലും ഉദ്യോഗസ്ഥർ കിറ്റെത്തിക്കും.
87 ലക്ഷം ഭക്ഷ്യക്കിറ്റ്; ചെലവ് 425 കോടി
സംസ്ഥാനത്ത് 87 ലക്ഷം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. 425 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. സപ്ലൈകോയുടെ 56 ഡിപ്പോ കേന്ദ്രീകരിച്ച് 1400- ഇടത്ത് പാക്കിങ് പുരോഗമിക്കുന്നു. വെള്ളി രാവിലെവരെ 57 ലക്ഷം കിറ്റ് തയ്യാറായി. ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പാക്കാൻ പ്രത്യേക സ്ക്വാഡുണ്ട്.
കൂട്ടായ്‌മകൾക്ക് കൈത്താങ്ങ്
പൊതുമേഖലാ സ്ഥാപനങ്ങൾ, കുടുംബശ്രീ ഉൾപ്പെടെയുള്ള വനിതാ കൂട്ടായ്മകൾ, എംഎസ്‌എം യൂണിറ്റുകൾ എന്നിവർക്ക് പരമാവധി പ്രയോജനം കിട്ടുന്ന തരത്തിലാണ് കിറ്റിലെ ഇനങ്ങൾ തീരുമാനിച്ചത്. അണ്ടിപ്പരിപ്പ് (കാപെക്സ്), ഏലയ്ക്ക (റെയ്ഡ്കോ), സഞ്ചി (കുടുംബശ്രീയടക്കമുള്ള എംഎസ്‌എംഇ, കന്യാൻഫെഡ്), നെയ്യ് (മിൽമ), ശർക്കരവരട്ടി (-കുടുംബശ്രീ ഉൾപ്പെടെ ചെറുകിടയൂണിറ്റ്) എന്നിവയാണ് നൽകുന്നത്.
സ്പെഷ്യൽ പഞ്ചസാര, അരി
ഓണത്തോടനുബന്ധിച്ച് എഎവൈ കാർഡുടമകൾക്ക് ഒരു കിലോ പഞ്ചസാര 21- രൂപ നിരക്കിൽ വിതരണം ചെയ്യും. മുഴുവൻ മുൻഗണനേതര കാർഡുടമകൾക്കും 10 കിലോ അരി 10.90- രൂപ നിരക്കിൽ നൽകും.
1000 രൂപയ്‌ക്ക് സപ്ലൈകോ കിറ്റ് ; സമ്മാനവും
സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് 1000- രൂപ നിരക്കിലുള്ള പ്രത്യേക ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. ഇതിൽ അവശ്യസാധനങ്ങൾക്കു പുറമെ ഇഷ്ടമുള്ള ഇനങ്ങൾകൂടി തെരഞ്ഞെടുക്കാം. ഓരോ സൂപ്പർമാർക്കറ്റും 250- പ്രത്യേക കിറ്റ് വിൽപ്പന നടത്തണം. ഇതിൽ കൂടുതൽ വിൽക്കുന്നിടത്തെ ജീവനക്കാർക്ക് ഇൻസന്റീവ് നൽകുന്നതും പരിഗണിക്കും. പത്ത് കിറ്റിന് മുകളിൽ വാങ്ങിയാൽ വാതിൽപ്പടിയിലെത്തിക്കും. ഓരോ 50 കിറ്റിനും നറുക്കെടുപ്പിലൂടെ സമ്മാനവും നൽകും.