നിർമ്മാതാവ് അല്ലു അരവിന്ദ് നൽകിയ മാനനഷ്ടക്കേസിൽ തെലുങ്ക് താര ദമ്പതികളായ രാജശേഖർ, ജീവിത എന്നിവർക്ക് ഒരു വർഷത്തെ ജയിൽ ശിക്ഷ. അല്ലു അരവിന്ദും ചിരഞ്ജീവിയും ബ്ലാക്ക് മാർക്കറ്റിൽ രക്തവിൽപ്പന നടത്തിയെന്നായിരുന്നു ദമ്പതികളുടെ ആരോപണം.
ചിരഞ്ജീവി രക്ത ബാങ്കിന്റെ നടത്തിപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ചതിനെ തുടർന്ന് അല്ലു അരവിന്ദ് കേസ് നൽകുകയായിരുന്നു. 2011ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പന്ത്രണ്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ദമ്പതികൾക്ക് ശിക്ഷ വിധിക്കുന്നത്.
നാമ്പള്ളി കോടതിയുടേതാണ് വിധി. രാജശേഖിനും ജീവിതയ്ക്കും ഒരു വർഷത്തെ തടവ് ശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. അതേസമയം ദമ്പതികൾക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് ഇവർക്ക് മേൽക്കോടതിയെ സമീപിക്കാം.
പുതുമൈ പെണ്ണ്, ശ്രുതിലയലു, അങ്കുശം, അണ്ണ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ രാജശേഖർ വേഷമിട്ടിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ ‘ശേഖറി’ലാണ് രാജശേഖർ അവസാനമായി അഭിനയിച്ചത്.