കേരള വിദ്യാഭ്യാസച്ചട്ടം നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

0
77

കൊച്ചി: കേരള വിദ്യാഭ്യാസച്ചട്ടത്തിൽ (കെ.ഇ.ആർ.) സർക്കാർ ഏപ്രിലിൽ കൊണ്ടുവന്ന ഭേദഗതി നടപ്പാക്കുന്നത് ഹൈക്കോടതി ഒരുമാസത്തേക്ക് തടഞ്ഞു. ഇവ 2009-ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും 1958-ലെ കേരള വിദ്യാഭ്യാസ നിയമത്തിന്റെയും ചട്ടത്തിന്റെയും ലംഘനമാണെന്ന ഹർജിക്കാരുടെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസ് രാജ വിജയരാഘവൻ ഭേദഗതി നടപ്പാക്കുന്നത് തടഞ്ഞത്.

ഭേദഗതിയിലൂടെ കൊണ്ടുവന്ന വ്യവസ്ഥകൾ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രൈവറ്റ് സ്കൂൾ (എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കൊല്ലം ചെറിയ വെളിനല്ലൂർ കെ.പി.എം.എച്ച്.എസ്.എസ്. മാനേജരുമായ കെ. മണി ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയിരിക്കുന്നത്.

ഭേദഗതിയിലെ വ്യവസ്ഥകൾ കേന്ദ്രവിദ്യാഭ്യാസ അവകാശനിയമത്തിന് വിരുദ്ധമാണെങ്കിൽ തിരുത്തുമെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് എം. ചെറിയാൻ വിശദീകരിച്ചു. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സമയവും തേടി. തുടർന്ന് ഹർജി ജൂൺ 10-ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

അധിക ഡിവിഷൻ/തസ്തികകൾ നിലവിൽ വരുന്നത് ഒക്ടോബർ ഒന്നുമുതൽ. ഓരോ വർഷവും ജൂലായ് 15 മുതൽ മാത്രമേ സ്റ്റാഫ് ഫിക്സേഷൻ നിലവിൽവരൂ.

ദീർഘനാളായി ക്ലാസിൽ ഹാജരാകാത്ത വിദ്യാർഥികളുടെ കാര്യത്തിൽ ഹെഡ്മാസ്റ്ററും വൈസ് പ്രിൻസിപ്പലും ചേർന്ന് ഉടൻ തുടർനടപടി സ്വീകരിക്കണം. വിദ്യാർഥിയെ അറ്റൻഡൻസ് ബുക്കിൽനിന്ന് ഒഴിവാക്കാനാണ് നിർദേശിക്കുന്നത്.

ഹർജിക്കാരുടെ വാദങ്ങൾ

അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിന് തടസ്സമാകും.

വിദ്യാർഥികളെ ഏതുവിധേനയും സ്കൂളിൽ നിലനിർത്തണമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്നു. ഇതിന്റെ ലംഘനമാണ് ഭേദഗതി. നിശ്ചിതസമയം വിദ്യാർഥികൾക്ക് ക്ലാസ് ഉറപ്പാക്കുന്നതിനും ഇത് തടസ്സമാണ്.

കോടതി പറയുന്നു

സർക്കാർ നൽകിയ വിശദീകരണത്തിൽനിന്ന് ഇത്തരം ശ്രമങ്ങൾ വ്യാജ പ്രവേശനത്തിലൂടെയും ഇല്ലാത്ത ഹാജരിന്റെയും പേരിൽ അധിക ഡിവിഷൻ ഉണ്ടാക്കുന്നത് തടയുന്നതിനാണെന്നാണ് മനസ്സിലാകുന്നത്. അതിനാലാണ് ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തുന്നതും ഓരോ വർഷവും ഒക്ടോബർ ഒന്നുമുതൽ അനുമതി നൽകുന്നതും. എന്നാൽ, ഒക്ടോബർ ഒന്നുമുതൽ ഇക്കാര്യത്തിൽ അനുമതി നൽകുന്നതിന്റെ പരിണതഫലത്തെക്കുറിച്ച് സർക്കാർ ചിന്തിച്ചതായി കരുതുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here