ജൂലായിലെ നാലാംഞായർ ഇനിമുതൽ മുത്തശ്ശിമാർക്കും, മുതിർന്നവർക്കുമുള്ള ദിനമെന്ന് മാർപാപ്പ.
വത്തിക്കാൻ : ജൂലായിലെ നാലാമത്തെ ഞായറാഴ്ച ഇനിമുതൽ എല്ലാവർഷവും മുതിർന്ന പൗരന്മാരെ ആദരിക്കാനായി മാറ്റിവെക്കുന്നെന്ന് ഫ്രാൻസിസ് മാർപാപ്പ. എല്ലാവരും ഓർക്കാൻ മറന്നുപോകുന്ന, അനുഭവ സമ്പത്തും, പക്വത നിറഞ്ഞ ചിന്തയും, വിവേകവുമുള്ള, മുതിർന്നവരെ ഈ ദിവസം റോമൻ കത്തോലിക്കാ പള്ളി ആദരിക്കുമെന്ന് മാർപാപ്പ ഞായറാഴ്ച പ്രഖ്യാപിച്ചു.
യേശുവിന്റെ മുത്തശ്ശിമാരായ വിശുദ്ധ ജോവാകിമിന്റെയും, ആനിന്റെയും ഓർമ്മയിലായിരിക്കും ഈ ദിനത്തെ ആചരിക്കുന്നത്. ഈ വർഷം ജൂലായ് 25-ന് മുതിർന്നവരോടുള്ള ബഹുമാനാർഥം നടക്കുന്ന പരിപാടികളിൽ മാർപ്പാപ്പ പങ്കെടുക്കാനും, ആഘോഷിക്കാനും തീരുമാനിച്ചു .
വാർധക്യം ഒരു സമ്മാനമാണെന്നും അവരുടെ അനുഭവങ്ങളിൽനിന്നു ചെറുപ്പക്കാർക്ക് ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രചോദനം നിറഞ്ഞ ജീവിതാനുഭവങ്ങൾ ചെറുപ്പക്കാർക്ക് കൈമാറുന്നതും, വ്യത്യസ്ത തലമുറകൾ തമ്മിലുള്ള ബന്ധങ്ങളെ കൂട്ടി യോജിപ്പിക്കുന്നതും, ഓർമ്മിപ്പിക്കുന്നതും മുത്തശ്ശിമാരാണെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു. ഈ മുത്തശ്ശിമാരാണ് പലപ്പോഴും നമ്മുടെ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും കൈമാറുന്നതിനുമുള്ള പാലമായി നിൽക്കുന്നത്.