ഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പിന്നാലെ മകളും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കും കോവിഡ് സ്ഥിരീകരിച്ചു. പ്രിയങ്ക തന്നെയാണ് ഈ വാർത്ത ട്വിറ്റർ വഴി പുറത്ത് വിട്ടത്. നേരിയ ലക്ഷണങ്ങളോടെ കോവിഡ് പോസിറ്റീവ് ആയി എന്നും വീട്ടിൽ സ്വയം ക്വാറന്റൈനിൽ ഇരിക്കുകയാണെന്നും ആണ് പ്രിയങ്ക ട്വിറ്ററിൽ എഴുതിയത്. തന്നോട് സമ്പർക്കം പുലർത്തിയവരും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു.
നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുമ്പാകെ ഹാജരാകാൻ ഇരിക്കവെ വ്യാഴാഴ്ച ആയിരുന്നു സോണിയാ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിന്റെ വിവിധ ലക്ഷണങ്ങൾ സോണിയക്ക് ഉണ്ടായിരുന്നതിനെ തുടർന്നാണ് ടെസ്റ്റ് നടത്തിയത്. 2011-12 ലെ നാഷണൽ ഹെറാൾഡ് കേസിലെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ജൂൺ എട്ടിന് സോണിയ ഇഡിക്ക് മുന്നിൽ ഹാജരാകണം എന്ന് സോണിയക്കും രാഹുലിനും അയച്ച നോട്ടിസീൽ ഇഡി ആവശ്യപ്പെട്ടിരുന്നു. അതേ സമയം കഴിഞ്ഞയാഴ്ച സോണിയാ ഗാന്ധി നിരവധി നേതാക്കളെ കണ്ടെന്നും അവരിൽ ചിലർക്ക് കോവിഡ് പോസിറ്റീവ് ആണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.