ഭൂമിയേക്കാൾ നാലിരട്ടി വലുപ്പമുള്ള ഗ്രഹം!

0
79

ഒരു കുള്ളന്‍ നക്ഷത്രത്തെ ജ്യോതിശാസ്ത്രജ്ഞര്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ ആ കുള്ളന്‍ നക്ഷത്രത്തില്‍ നിന്നുള്ള പ്രകാശത്തിനു ചെറിയൊരു ചലനം സംഭവിച്ചു. ഇതിന് കാരണമായ ഗ്രഹത്തില്‍ ജീവന് അനുയോജ്യമായ സാഹചര്യങ്ങളുണ്ടെന്നാണ് ഇപ്പോള്‍ ഗവേഷകരുടെ അനുമാനം. ഭൂമിയില്‍ നിന്നും 36.5 പ്രകാശവര്‍ഷം ദൂരെയുള്ള റോസ് 508 എന്ന കുള്ളന്‍ നക്ഷത്രത്തിലും ഭൂമിയേക്കാള്‍ നാലിരട്ടി വലുപ്പമുള്ള ആ ഗ്രഹത്തിലുമാണ് ഇപ്പോള്‍ ജ്യോതിശാസ്ത്രജ്ഞരുടെ അന്യഗ്രഹ ജീവനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ എത്തി നല്‍കുന്നത്.

നക്ഷത്രത്തില്‍ നിന്നുമുള്ള സുരക്ഷിതമായ അകലത്തിലാണ് ഈ ഗ്രഹമുള്ളത്. അതായത് ഈ സൂപ്പര്‍ ഭൂമിയില്‍ വാതകങ്ങളേക്കാള്‍ ഭൂമിയെപോലെയുള്ള പാറകളും മണ്ണും നിറഞ്ഞ പ്രതലത്തിനാണ് സാധ്യത കൂടുതല്‍. റോസ് 508ബി എന്നാണ് ഈ ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ജപ്പാന്റെ (NAOJ) ഹവായിലുള്ള സുബാറു ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഈ കുള്ളന്‍ നക്ഷത്രത്തേയും അനുബന്ധ ഗ്രഹത്തേയും കണ്ടെത്തിയത്.

സൂര്യനില്‍ നിന്നും സുരക്ഷിതമായ അകലത്തിലാണ് ഭൂമിയുള്ളത് എന്നതിനാലാണ് ഇവിടെ ജീവനുള്ളതെന്ന് അറിയാമല്ലോ. വെള്ളം ജല രൂപത്തിലുള്ള അധികം ചൂടും അധികം തണുപ്പുമില്ലാത്ത മേഖലയിലാണ് ഭൂമിയുള്ളത്. നക്ഷത്രങ്ങള്‍ക്ക് ചുറ്റും ഇതുപോലെ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള മേഖലയെയാണ് ഹാബിറ്റബിള്‍ സോണ്‍ എന്നു വിളിക്കുന്നത്. ഇത്തരത്തില്‍ ഹാബിറ്റബിള്‍ സോണിലുള്ള എല്ലാ ഗ്രഹങ്ങളിലും ജീവനുണ്ടാവണമെന്നില്ല. ഉദാഹരണത്തിന് നമ്മുടെ ചൊവ്വയും കണക്കുകള്‍ പ്രകാരം ഹാബിറ്റബിള്‍ സോണിലാണെങ്കിലും ഇന്നു വരെ ചൊവ്വയില്‍ ജീവനുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. എങ്കിലും മറ്റു നക്ഷത്രങ്ങളുടെ ഹാബിറ്റബിള്‍ സോണിലുള്ള ഗ്രഹങ്ങള്‍ അന്യഗ്രഹ ജീവന്റെ സാധ്യതയായിട്ടാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.

നക്ഷത്രത്തിന്റെ പ്രകാശത്തിനുണ്ടാവുന്ന വ്യതിയാനങ്ങള്‍ നോക്കിക്കൊണ്ട് ഗ്രഹങ്ങളുടെ വലുപ്പവും സ്ഥാനവും കണ്ടെത്തുന്ന രീതിയാണ് ഈ ഗ്രഹത്തെ കണ്ടെത്താനായി ഉപയോഗിച്ചത്. നാസയുടെ വിദൂര ഗ്രഹങ്ങളെ കണ്ടെത്തുന്ന ദൂരദര്‍ശിനിയായ ടെസും ട്രാന്‍സിറ്റ് മേത്തേഡ് എന്ന ഇതേ സംവിധാനമാണ് ഉപയോഗിക്കുന്നത്. ദൂരദര്‍ശിനി ഏതെങ്കിലും നക്ഷത്രത്തെ വ്യക്തമായി ഫോക്കസ് ചെയ്തുവയ്ക്കുന്നു. ഈ നക്ഷത്രത്തിനും ഭൂമിക്കുമിടയില്‍ ഏതെങ്കിലും ഗ്രഹം സഞ്ചരിക്കുകയാണെങ്കില്‍ നക്ഷത്രത്തിന്റെ പ്രകാശത്തിന് വ്യതിയാനം സംഭവിക്കുന്നു. ഈ വ്യതിയാനത്തിന്റെ വിശദാംശങ്ങളിലൂടെ ഗ്രഹത്തിന്റെ വലുപ്പവും കണ്ടെത്താനാവും. ഇതുവരെ ഇതേ മാര്‍ഗം ഉപയോഗിച്ച് 3850ലേറെ അന്യഗ്രഹങ്ങള്‍ നമ്മള്‍ കണ്ടെത്തി കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here