സുഗന്ധഗിരിയിലെ മനോഹരമായ കുന്നിൻചെരുവിൽ ‘എൻ ഊര്’ ഗോത്രപൈതൃകഗ്രാമം

0
99

കല്പറ്റ: സന്ദർശകർക്കുമുമ്പിൽ മഴക്കാഴ്ചകളുടെ ചില്ലുവാതിലുകൾ തുറന്നിട്ട് ‘എൻ ഊര് ‘ ഗോത്രപൈതൃകഗ്രാമം ശനിയാഴ്ച ഉണരും. മഞ്ഞും മഴയും ഇടകലർന്നുപെയ്യുന്ന പുൽമേടുകളിൽ ചെങ്കല്ലുപാകിയ നടപ്പാതകളിലൂടെ നടന്നാൽ ഗോത്രജീവിതത്തിന്റെ വൈവിധ്യങ്ങൾ അനുഭവിക്കാം. ഗോത്രജനതയുടെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പട്ടികവർഗ വികസനവകുപ്പാണ് സുഗന്ധഗിരിയിലെ മനോഹരമായ കുന്നിൻചെരുവിൽ ‘എൻ ഊര്’ ഗോത്രപൈതൃകഗ്രാമം പദ്ധതി ആവിഷ്കരിച്ചത്. ഇതുവഴി ഗോത്രജനതയുടെ ജീവിതനിലവാരം ഉയർത്തുകയും അവരെ സമൂഹത്തിന്റെ പൊതുധാരയിലെത്തിക്കുകയുമാണ് ലക്ഷ്യം.

‘എൻ ഊര്’ ഗോത്രപൈതൃകഗ്രാമം ശനിയാഴ്ച നാടിന് സമർപ്പിക്കും. രാവിലെ 11.30ന് പട്ടികവർഗ വികസനവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പദ്ധതിയുടെ സമർപ്പണവും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് രണ്ടാംഘട്ടം ഉദ്ഘാടനവും നിർവഹിക്കും. ടി. സിദ്ദിഖ് എം.എൽ.എ. അധ്യക്ഷത വഹിക്കും.

പത്തുകോടി രൂപ ചെലവിൽ തുടങ്ങുന്ന പദ്ധതി ഗോത്രജനതയുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുകവഴി വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. വൈത്തിരി, പൊഴുതന ഗ്രാമപ്പഞ്ചായത്തുകളിലെ ഊരുമൂപ്പന്മാരടങ്ങുന്ന ചാരിറ്റബിൾ സൊസൈറ്റിക്കാണ് ഗ്രാമത്തിന്റെ നടത്തിപ്പുചുമതല. ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രായോഗിക സാമ്പത്തികവരുമാനമാതൃകകൾ ആവിഷ്കരിക്കുകയാണ് പദ്ധതിയിലൂടെ. ഇതോടൊപ്പം ഗോത്രകലകൾ, പാരമ്പര്യചികിത്സ, ഭക്ഷ്യവിഭവങ്ങൾ എന്നിവ പുനരുദ്ധരിക്കുകയും പരിപോഷിപ്പിക്കുകയുംചെയ്യും. ഗോത്ര ഉത്പന്നങ്ങൾ നിർമിച്ച് വിപണനംചെയ്യുന്ന ഗോത്രവിപണി, ഗോത്രകലകൾ അവതരിപ്പിക്കുന്ന ഓപ്പൺ തിയേറ്റർ, വംശീയ ഭക്ഷണശാല, ഫെസിലിറ്റേഷൻ സെന്റർ തുടങ്ങിയവ ഗോത്ര പൈതൃകഗ്രാമത്തിൽ ഒരുക്കിയിട്ടുണ്ട്.

ഗോത്രഗ്രാമത്തിൽ ശനിയാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്. കുന്നുകൾക്കുതാഴെ നവോദയവിദ്യാലയംവരെ മാത്രമേ വാഹനങ്ങൾ കൊണ്ടുപോകാൻ കഴിയൂ. ഇവിടെനിന്ന് ബന്ധപ്പെട്ടവർ ഒരുക്കുന്ന ജീപ്പുകളിൽ കയറിയാണ് ഗ്രാമത്തിലെത്തേണ്ടത്. ടാക്സിനിരക്ക് സന്ദർശകർ നൽകണം.

ഗോത്രജീവിതവുമായി ഏറെ ചേർന്നുനിൽക്കുന്ന മഴയനുഭവങ്ങൾ അറിയാനും എൻ ഊരിൽ അവസരമുണ്ട്. ‘മഴക്കാഴ്ച’യെന്ന പേരിൽ മഴക്കാല ഗോത്രപാരമ്പര്യ ഉത്പന്ന പ്രദർശനവിപണന ഭക്ഷ്യ കലാമേള ശനി, ഞായർ ദിവസങ്ങളിൽ നടക്കും.

മഴക്കാഴ്ച പ്രദർശനം ഒ.ആർ. കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ട്രൈബൽ കഫ്റ്റീരിയ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനംചെയ്യും. മഴക്കാഴ്ചയിൽ വർഷക്കാലത്ത് ആദിവാസികളുണ്ടാക്കുന്ന ഭക്ഷ്യവിഭവങ്ങൾ, മഴപെയ്യുമ്പോൾ ഗോത്രവർഗക്കാർ ആടുന്ന നൃത്തങ്ങൾ, കലാരൂപങ്ങൾ, മഴക്കാലത്ത് ഗോത്രജനത ഉപയോഗിക്കുന്ന കാർഷികോപകരണങ്ങളുടെയും വിളകളുടെയും പ്രദർശനം, പാരമ്പര്യമരുന്നുകൾ, ചികിത്സകൾ, ആവിക്കുളി, പി.ആർ.ഡി.യുടെ ഗോത്ര ഫോട്ടോഗ്രാഫി പ്രദർശനം തുടങ്ങിയവയാണ് സന്ദർശകരെ കാത്തിരിക്കുന്നത്.

സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, പദ്ധതി സി.ഇ.ഒ. പി.എസ്. ശ്യാം പ്രസാദ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here