മഥുരയിൽ അംബേദ്‌കർ ജയന്തി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ്;

0
76

ഉത്തർപ്രദേശിലെ മഥുരയിൽ ഡോ. അംബേദ്‌കറുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയ്ക്കിടെ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് 11 പേർക്ക് പരിക്കേറ്റു. മഥുരയിലെ ചൗമുഹ ഏരിയയിലെ ഗ്രാമമായ ഭാർതീയയിൽ അംബേദ്‌കറുടെ ഘോഷയാത്രയ്ക്കിടെ ചിലർ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയായിരുന്നു, ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.

ഇതേത്തുടർന്ന് കല്ലേറുമുണ്ടായതോടെ ജാഥയിൽ തിക്കും തിരക്കും ഉണ്ടായി. ഇരുവശത്തുനിന്നും ഗ്ലാസ് ബോട്ടിലുകൾ എറിഞ്ഞതോടെ 11 പേർക്ക് പരിക്കേറ്റു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്കും, പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. സംഭവത്തിൽ പരിക്കേറ്റ കോൺസ്‌റ്റബിൾമാരായ കൗശൽ യാദവ്, രാജേന്ദ്ര സിംഗ്, ദിവേഷ് ചൗധരി എന്നിവരെ ഉദ്യോഗസ്ഥർ പ്രാദേശത്തുള്ള ഒരു ആശുപത്രിയിലേക്ക് മാറ്റി.

എഡിഎം യോഗാനന്ദ് പാണ്ഡെ, എസ്‌ഡിഎം ശ്വേത സിംഗ്, മജിസ്‌ട്രേറ്റ് മനോജ് വർഷ്‌നി, മറ്റ് അഡ്‌മിനിസ്‌ട്രേറ്റീവ് അധികാരികൾ എന്നിവർ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ക്രമസമാധാനനില നിലനിർത്താൻ നിരവധി ആർഎഎഫ് ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.

നേരത്തെ മൂന്ന് അംബേദ്‌കർ പ്രതിമകൾ തകർത്ത ഹത്രാസ് ജില്ലയിലും സമാനമായ ഒരു സംഭവം ഉണ്ടായി. അംബേദ്‌കറുടെ ആരാധനാലയങ്ങൾ തകർത്തുവെന്നറിഞ്ഞപ്പോൾ നഗരത്തിലെ ദളിത് വിഭാഗം രോഷാകുലരാവുകയും കടകൾ അടപ്പിക്കുകയും ചെയ്‌തു. കോട്വാലി പോലീസ് സ്‌റ്റേഷനിൽ ഇരു കക്ഷികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്ന് പുതിയ പ്രതിമകൾ സ്ഥാപിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here