കൊച്ചി: ലിവിങ് ടുഗതര്‍ പങ്കാളികള്‍ക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങള്‍ അനുസരിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്കു മാത്രമേ നിയമ സാധുതയുണ്ടാകുകയുള്ളുവെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ലെന്ന് ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്‌റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കരാറിന്‍റെ അടിസ്ഥാനത്തിൽ 2006 മുതൽ ഒരുമിച്ച് ജീവിക്കുന്ന പങ്കാളികൾ വിവാഹമോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയിൽ നൽകിയ ഹർജി തള്ളിയതിന് എതിരെയുള്ള അപ്പീൽ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദു, ക്രിസ്‌ത്യൻ സമുദായങ്ങളിൽപെട്ട പങ്കാളികളാണ് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചത്. ഉഭയ സമ്മതപ്രകാരമാണ് ഇവർ കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. എന്നാൽ നിയമപ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹമോചനം അനുവദിക്കാൻ കുടുംബ കോടതി തയ്യാറായില്ല. ഇവരുടെ ഹർജി തള്ളുകയും ചെയ്തു.
ഇതോടെയാണ് പങ്കാളികൾ കുടുംബകോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വിശദമായ വാദം കേട്ടതിന് ശേഷം ഹൈക്കോടതി ഇവരുടെ അപ്പീൽ തള്ളുകയായിരുന്നു.