കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന പ്രതീക്ഷിക്കാം. 11 മണിയോടെ അന്തിമഫലം ലഭിച്ചേക്കും. രാവിലെ 7.30-ന് സ്ഥാനാർഥികളുടെയും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ എറണാകുളം മഹാരാജാസ് കോളേജിലെ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുക്കും. വോട്ടെണ്ണാൻ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൗണ്ടിങ് ഹാളിലേക്ക് സ്ഥാനാർഥികൾക്കും അവരുടെ ഇലക്ഷൻ ഏജന്റിനും കൗണ്ടിങ് ഏജന്റുമാർക്കും മാത്രമേ പ്രവേശനമുണ്ടാകൂ. ഹാളിൽ മൊബൈൽഫോൺ അനുവദിക്കില്ല.