തിരുവനന്തപുരം • പുതിയ സ്കൂൾ ബസിനു പണം കൊടുക്കേണ്ടെന്നു പറഞ്ഞാൽ മന്ത്രിക്കു സന്തോഷമാകും. അധ്യാപകർ സങ്കടപ്പെടും. കൊടുക്കണമെന്നു പറഞ്ഞാൽ സാറുമ്മാർ സന്തോഷിക്കും. മന്ത്രിക്കു േവവലാതിയാകും ! ഒടുവിൽ കുട്ടികൾ ധർമത്തിന്റെ പക്ഷത്തു നിലയുറപ്പിച്ചു. അവർ ഒറ്റക്കെട്ടായി പറഞ്ഞു: ‘കാശു കൊടുക്കേണ്ട.!’ കോട്ടൺഹിൽ ഗവ. ജിഎച്ച്എസ്എസിലാണ് പ്രവേശനോത്സവത്തിനിടെ രസകരമായ സംഭവം അരങ്ങേറിയത്. ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയത് മന്ത്രി ആന്റണി രാജു.
പ്രസംഗത്തിനിടെ അദ്ദേഹം കുട്ടികളെ അറിയിച്ചു. : ‘എന്നെ ഈ പരിപാടിക്കു ക്ഷണിക്കാൻ വന്നപ്പോൾ നിങ്ങളുടെ സാറുമ്മാർ സ്കൂളിന് ഒരു ബസു വേണമെന്ന് പറഞ്ഞിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ പെൺ പള്ളിക്കൂടമല്ലേ, അപ്പോൾ തന്നെ എംഎൽഎ ഫണ്ടിൽ നിന്ന് സ്കൂൾ ബസ് വാങ്ങുന്നതിനായി 16 ലക്ഷം രൂപ അനുവദിച്ചു. പോക്കറ്റ് ഇത്തിരി കാലിയാണെന്നും കൂടുതൽ ചോദിക്കരുതെന്നും പറഞ്ഞിരുന്നു. നിങ്ങളുടെ സാറുമ്മാര് ചെയ്തത് എന്താണെന്നറിയാമോ? അവർ 26 ലക്ഷത്തിന്റെ ബസിന്റെ ബില്ലുമായി വന്നു. ഞാൻ പണം എവിടെ നിന്ന് എടുത്തു കൊടുക്കാനാണ് ? പറയാത്ത കാര്യം ചെയ്യുന്നത് ധർമമാണോ? അത് അധാർമികതയല്ലേ..? നിങ്ങൾ തന്നെ പറയൂ,’
ഗൗരവത്തിലായ മന്ത്രി പ്രസംഗം നിർത്തി. കുട്ടികൾ ആലോചനയിലാണ്ടു. ‘വേഗം പറയണം’– മന്ത്രി നിർബന്ധിച്ചു. ഓഡിറ്റോറിയത്തിന്റെ ഒരു കോണിൽ നിന്നും ‘വേണ്ടാ’െയന്നൊരു ശബ്ദമുയർന്നു. പിന്നെ അതു കോറസായി മുഴങ്ങി : ‘കാശു കൊടുക്കേണ്ട..’ ! മന്ത്രിക്കു സന്തോഷം.‘നിങ്ങളുടെ ധാർമിക ബോധം വലുതാണ്. അതെന്നിൽ വലിയ സന്തോഷമുണ്ടാക്കി. ജീവിതാന്ത്യം വരെ ധർമബോധം നിലനിർത്തണം. അതുകൊണ്ട് ആ അധിക പണം കൂടി ബസിന് അനുവദിക്കാനാണ് എന്റെ തീരുമാനം. ’
മന്ത്രിയുടെ വാക്കുകൾ വൻ കൈയടിയോടെയാണ് കുട്ടികളും അധ്യാപകരും വരവേറ്റത്. വിദ്യാർഥികളുടെ എണ്ണം കൂടിയതനുസരിച്ച് വാഹനസൗകര്യം ഇല്ലാത്തതാണ് മന്ത്രിയോട് ബസ് ചോദിക്കാൻ കാരണമായതെന്ന് പ്രധാന അധ്യാപകനായ എ.വിൻസന്റ് പറഞ്ഞു. അക്ഷരമാലാ കാർഡും ഇലകളും നൽകിയാണ് നവാഗതരെ സ്കൂളിലേക്ക് വരവേറ്റത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ആർ. പ്രദീപ് അധ്യക്ഷനായി. കൗൺസിലർ രാഖി രവികുമാർ, അധ്യാപകരായ എ.എൻ. ജീന, രാജേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.