ന്യൂഡൽഹി: ഇന്ധനത്തിന്റെ എക്സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം കേന്ദ്രത്തിന് മാത്രമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സംസ്ഥാനങ്ങളുമായി പങ്കിടുന്ന അടിസ്ഥാന എക്സൈസ് നികുതിയിൽ മാറ്റംവരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ, നികുതിയിളവിന്റെ ബാധ്യത കേന്ദ്രസർക്കാരിന്റെ ചുമലിലാണെന്നും 1,00,000 കോടിയുടെ നഷ്ടമാണ് കേന്ദ്രത്തിനുണ്ടായിരിക്കുന്നതെന്നും അവർ പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു കണക്കുകൾ നിരത്തിക്കൊണ്ടുള്ള ധനമന്ത്രിയുടെ വിശദീകരണം. അടിസ്ഥാന എക്സൈസ് തീരുവ, പ്രത്യേക അഡീഷൺ എക്സൈസ് തീരുവ, റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ്, അഗ്രിക്കൾച്ചർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സെസ് എന്നിവ ചേരുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടിയെന്ന് മന്ത്രി വിശദീകരിച്ചു. ഇതിൽ അടിസ്ഥാന എക്സൈസ് തീരുവ സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നതും മറ്റുള്ള പങ്കുവെക്കാത്തതുമാണ്.
പെട്രോളിന് ലിറ്ററിന് കുറച്ച എട്ട് രൂപയും ഡീസലിന് കുറച്ച ആറ് രൂപയും പൂർണമായും റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസിലാണ് കുറവ് വരുത്തിയിരിക്കുന്നത്. 2021 നവംബറിൽ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറച്ചതും റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസിൽ തന്നെയാണ്. സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്സൈസ് തീരുവയിൽ തൊട്ടിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
അതിനാൽ തന്നെ രണ്ട് വട്ടമായി വരുത്തിയ നികുതിയിളവിന്റെ ബാധ്യതയും കേന്ദ്രത്തിന്റെ ചുമലിലാണ്. ഇന്നലത്തെ നികുതിയിളവ് പ്രതിവർഷം 1,00,000 കോടിയുടെ നഷ്ടമാണ് സർക്കാരിനുണ്ടാക്കുന്നത്. കഴിഞ്ഞ നവംബറിലെ നികുതിയിളവ് 1,20,000 കോടിയുടെ നഷ്ടമാണ് കേന്ദ്രത്തിനുണ്ടാക്കിയത്. ഈ രണ്ട് നികുതിയിളവിലൂടെ 2,20,000 കോടിയുടെ വരുമാന നഷ്ടമാണ് സർക്കാരിനുണ്ടായതെന്നും നിർമല സീതാരാമൻ പറഞ്ഞു.