കുഴിച്ചെടുത്ത് 2 കോടിയോളം മൂല്യമുള്ള 865 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍!

0
62

യൂറോപ്പ്, ഇന്ന് ഒരു പുരാതന ഖനിയാണെന്ന് പറഞ്ഞാല്‍ അതിശയിക്കാനില്ല. കാരണം, മെറ്റല്‍ ഡിറ്റക്ടറിന്‍റെ സഹായത്തോടെ യൂറോപ്പിലെ പല പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തുന്ന പുരാതനമായ നാണയ ശേഖരങ്ങളുടെയും സ്വര്‍ണ്ണങ്ങളുടെയും എണ്ണത്തില്‍ അടുത്ത കാലത്തായി വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസമാണ് രണ്ടാം ലോകമഹായുദ്ധ കാലത്ത് ജര്‍മ്മന്‍ പട്ടാളം കൈയടക്കുകയും പിന്നീട് യുദ്ധത്തില്‍ തോല്‍ക്കുമെന്ന് ഭയന്നപ്പോള്‍ ഒളിപ്പിച്ച് വച്ച ഒരു വലിയ നിധിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നത്. അതിന് പിന്നാലെ 800 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഴിച്ചിട്ട സ്വര്‍ണ്ണ നാണയങ്ങളും മെന്‍റല്‍ഡിറ്റക്ടറിന്‍റെ സഹായത്തോടെ കണ്ടെത്തിയെന്ന വാര്‍ത്തയും വന്നു. ഇതാ, ഇപ്പോള്‍ മറ്റൊരു നിധി വേട്ടയുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്.

യുകെയിലെ വിൽറ്റ്ഷയറിലെ ചിപ്പൻഹാമിന് സമീപം കുഴിച്ചിട്ടിരിക്കുന്ന വിലമതിക്കാനാകാത്ത നിധി മെന്‍റല്‍ഡിറ്റക്ടറിന്‍റെ സഹായോത്തോടെ കണ്ടെത്തിയതായിരുന്നു അത്. 68 കാരനായ ടോണി ഹൗസ് എന്ന മെറ്റൽ ഡിറ്റക്റ്ററിസ്റ്റാണ് പുതിയ നിധി വേട്ടയ്ക്ക് പിന്നില്‍. അദ്ദേഹം കണ്ടെത്തിയതാകട്ടെ 1807 -ലെ 5,000 -ത്തിലധികം സമാനമായ നാണയങ്ങളടങ്ങിയ ലിങ്കൺഷയറിലെ ടീൽബിയുടെ പേരിലുള്ള ‘ടീൽബി പെന്നിസ്’ എന്ന ശേഖരമാണ്. അദ്ദേഹത്തിന് ആദ്യം ഈ ശേഖരത്തിലെ ഒരു നാണയമാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് വിശദമായ പരിശോധന നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. തുടര്‍ന്ന് മെറ്റല്‍ ഡിറ്റക്ടറിന്‍റെ സഹായത്തോടെ അദ്ദേഹം 570 പെന്നികളാണ് കണ്ടെത്തിയത്.

‘മെറ്റല്‍ ഡിറ്റക്ടറില്‍ സിഗ്നല്‍ ലഭിക്കുമ്പോള്‍ ഞാന്‍ എന്‍റെ വാഹനത്തില്‍ നിന്ന് ഏതാണ്ട് 40 സെക്കന്‍റ് മാത്രം അകലത്തിലായിരുന്നു. അന്ന് ഒരു ചൂടുള്ള ദിവസമായിരുന്നു. മണ്ണ് പാറപോലെ ഉറച്ചിരുന്നു. എങ്കിലും ഞാന്‍ കുഴിയെടുത്തി. ആദ്യ ഘട്ടം 35 നാണയങ്ങള്‍ കണ്ടെത്താന്‍ പറ്റി. പിന്നീട് ഒരു ചതുരശ്ര മീറ്ററില്‍ നിന്ന് 130 എണ്ണം ലഭിച്ചു. അവിടെ നിന്നും രണ്ട് മീറ്റര്‍ അകലെ എടുത്ത ഒരു ചതുരശ്രമീറ്റര്‍ കുഴിയില്‍ നിന്ന് നൂറിലധികം നാണയങ്ങളും ലഭിച്ചു’വെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അപ്പോഴും തനിക്ക് സ്വര്‍ണ്ണം ലഭിച്ച സ്ഥലം കൃത്യമായി പറയാന്‍ അദ്ദേഹം തയ്യാറായില്ല.

865 വര്‍ഷം പഴക്കമുള്ള ഈ നാണയങ്ങള്‍ പ്ലാന്‍റാജെനെറ്റ് കാലഘട്ടത്തിൽ (Plantagenet period) 1158 മുതൽ 1180 വരെ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു.  1154 മുതൽ 1485 വരെ ഇംഗ്ലണ്ട് ഭരിച്ച രാജകീയ ഭവനമായ അഞ്ജൗ അല്ലെങ്കിൽ ആൻജെവിൻ രാജവംശം എന്നും അറിയപ്പെടുന്ന രാജവംശത്തിന്‍റെ കാലമാണ് പ്ലാന്‍റാജെനെറ്റ് കാലഘട്ടം. എന്നാല്‍ ഈ നാണയങ്ങള്‍ കുപ്രസിദ്ധി നേടിയവയാണ്. അവയുടെ കുപ്രസിദ്ധിയാകട്ടെ രാജ്യത്ത് ഇതുവരെ നിര്‍മ്മിച്ചവയില്‍ വച്ച് ഏറ്റവും മോശം നാണയങ്ങളാണ് എന്നതാണ്. അവയുടെ നിര്‍മ്മാണം വളരെ മോശമായിരുന്നു. മാത്രമല്ല നാണയത്തിലെ ഏഴുത്തുകള്‍ വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളവയുമാണ്. “ഇംഗ്ലണ്ടിലെ ഏറ്റവും മോശം പണം” എന്നാണ് ഇവ അറിയപ്പെടുന്നത് തന്നെ. അങ്ങനെ അറിയപ്പെടുമ്പോഴും ഇത്തരമൊരു നാണയത്തിന് പുരാവസ്തു വ്യാപാരത്തില്‍ 34,672 രൂപ ലഭിക്കും. അതായത് ടോണി ഹൗസിന് തന്‍റെ നിധി വേട്ടയില്‍ നിന്ന് ഏറ്റവും കുറഞ്ഞത് 1.98 കോടി രൂപ ലഭിക്കുമെന്നര്‍ത്ഥം. നഷ്ടത്തിലായ ഫാസ്റ്റ് ഫുഡ് ബിസിനസിന് ശേഷമാണ് ടോണി, എട്ട് വര്‍ഷം മുമ്പ് തന്‍റെ 60 -ാം വയസില്‍ മെറ്റല്‍ ഡിറ്റക്ടറായി ജോലിക്ക് കയറിയത്. തന്‍റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു നിധിവേട്ട നടത്തുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here