തിരുവനന്തപുരം: ഒരു മുന്നണിയെയും പിന്തുണയ്ക്കേണ്ടതില്ലെന്ന ട്വന്റി ട്വന്റി-എഎപി സഖ്യത്തിന്റെ നിലപാട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻപ് ട്വന്റി ട്വന്റിക്കും എഎപിക്കും വോട്ടുചെയ്തവർ ഇത്തവണ തങ്ങൾക്ക് വോട്ട് ചെയ്യുമെന്നും സതീശൻ പറഞ്ഞു.
ട്വന്റി ട്വന്റിയുടെ പ്രവർത്തകനെ മാർക്സിസ്റ്റുകാർ തല്ലിക്കൊന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അപ്പോൾ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് ചെയ്യാൻ പറയാൻ അവർക്ക് പറ്റുമോ? അവരുടെ സ്ഥാപനത്തെ പൂട്ടിക്കാൻ കുന്നത്തുനാട് എംഎൽഎയെ ഉപകരണമാക്കി മാറ്റി. കേരളത്തിൽ തുടങ്ങാനിരുന്ന വ്യവസായ സ്ഥാപനം തെലങ്കാനയിൽ പോയി തുടങ്ങുന്ന സാഹചര്യമുണ്ടായി. അതിന് ഉത്തരം പറയേണ്ടത് വ്യവസായവകുപ്പും സംസ്ഥാന സർക്കാരുമാണ്.
ഒരു കാരണവശാലും കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനവും പൂട്ടാൻ പാടില്ലെന്ന നിലപാടാണ് ഞങ്ങൾ എടുത്തിട്ടുള്ളത്. അതുകൊണ്ട് ട്വന്റി ട്വന്റി-എഎപി സഖ്യത്തിന്റെ നിലപാട് യുഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ല. അത് ഗുണകരമായി മാറും. മുൻപ് അവർക്ക് വോട്ട് ചെയ്ത എല്ലാവരും തങ്ങൾക്ക് ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും. ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് ട്വന്റി ട്വന്റി- ആം ആദ്മി പാർട്ടി സഖ്യം ഇന്ന് വ്യക്തമാക്കിയിരുന്നു. തൃക്കാക്കരയിൽ സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിലും ട്വന്റി ട്വന്റി- ആം ആദ്മി പാർട്ടി സഖ്യം വളരെ നിർണായക ശക്തിയായി മാറിയിരിക്കുന്നു. പരമ്പരാഗത രാഷ്ട്രീയ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്നവരാണ് തങ്ങൾ. ജനങ്ങൾ കാര്യങ്ങൾ ശരിയായി വിലയിരുത്തി വിവേകത്തോടെ വോട്ട് ചെയ്യണമെന്നും ട്വന്റി ട്വന്റി-എഎപി നേതാക്കൾ പറഞ്ഞിരുന്നു.