ദിലീപിന്റെ ജാമ്യം പ്രോസിക്യൂഷന് ഒരവസരംകൂടി

0
96

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ തെളിവ് ഹാജരാക്കാൻ വിചാരണക്കോടതി പ്രോസിക്യൂഷന് ഒരവസരംകൂടി അനുവദിച്ചു. കൃത്യമായ തെളിവുകൾ ഹാജരാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വ്യാഴാഴ്ചയും പ്രോസിക്യൂഷനെ വിമർശിച്ച സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി ഹർജി 26-ലേക്കു മാറ്റി. തെളിവുകൾ ഹാജരാക്കാനുള്ള അവസാന അവസരമാണിതെന്ന് മുന്നറിയിപ്പും നൽകി.

ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കൂടുതൽ തെളിവുണ്ടെന്ന വാദത്തിൽ പ്രോസിക്യൂഷൻ ഉറച്ചുനിന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുശേഷം ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചതായി പ്രോസിക്യൂഷൻ വിചാരണക്കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിനു ലഭിച്ചെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ദിലീപും കൂട്ടരും ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചെന്നും ഇതിനായി ദിലീപിന്റെ അഭിഭാഷകർ മുംബൈയിലെ സ്വകാര്യ ഫൊറൻസിക് ലാബിലേക്കു പോയെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.

ഫോണിൽനിന്ന് വിവരങ്ങൾ സാങ്കേതികവിദഗ്ധൻ സായ് ശങ്കറിന്റെ സഹായത്തോടെ നശിപ്പിച്ചു. ഫോണുകൾ ഹാജരാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് ദിലീപ് ഫോണിലെ 12 വാട്സാപ്പ് ചാറ്റുകൾ നശിപ്പിച്ചശേഷമാണ് ഹാജരാക്കിയതെന്നും ഇതു വീണ്ടെടുത്തെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഇവയൊക്കെ നടിയെ ആക്രമിച്ച കേസിലെ തെളിവുകളാണെന്ന് എങ്ങനെയാണ് വിലയിരുത്തിയതെന്ന് കോടതി ആരാഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ഇവയ്ക്കു ബന്ധമുണ്ടെങ്കിലേ തെളിവുകൾ നശിപ്പിച്ചുവെന്ന വാദം നിലനിൽക്കൂ. ഫോണുകളിൽനിന്ന് ഏതൊക്കെ രേഖകൾ ലഭിച്ചെന്ന് ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഫോണിൽനിന്നു ശേഖരിച്ച വിവരങ്ങൾ വളരെയധികമുണ്ടെന്നും വിശദവിവരങ്ങൾ റിപ്പോർട്ടിന്റെ സോഫ്റ്റ്കോപ്പിയിലുണ്ടെന്നും പ്രോസിക്യൂഷൻ മറുപടി നൽകി. ഇതു കാണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും മറ്റൊരു ദിവസമാകാമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കാതെ അടുത്തതവണ ഹാജരാക്കാമെന്ന് ഓരോ തവണയും പറയുന്നു. ഇത്തരത്തിൽ വാദം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. വോയ്സ് ക്ളിപ്പുകളാണ് പ്രധാന തെളിവുകളെന്നു പറയുന്നു. എന്നാൽ, ഇവപോലും പൂർണമായി ഹാജരാക്കുന്നില്ല.

ഹർജി വീണ്ടും പരിഗണിക്കുമ്പോൾ കൃത്യമായ തെളിവുകൾ ഹാജരാക്കണമെന്നും ഇതിനുശേഷമേ വാദം തുടങ്ങൂവെന്നും കോടതി ഓർമപ്പെടുത്തി. തുടർന്നാണ് ഹർജി മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here