മഥുരയിലെ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന ഷാഹി മസ്ജിദ് അടച്ചു പൂട്ടണമെന്ന ഹർജി ജൂലൈ ഒന്നിന് ജില്ലാ കോടതി പരിഗണിക്കും. ഷാഹി ഈദ്ഗാഹ് മസ്ജിദ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ നാല് മാസത്തിനുള്ളിൽ വാദം പൂർത്തിയാക്കാൻ നേരത്തെ മഥുരക്കോടതിക്ക് അലഹബാദ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി പരിഗണിക്കുന്നത്. അതേ സമയം, മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്തിൻറെ ഉടമസ്ഥാവകാശം ചോദ്യം ചെയ്തുള്ള ഹർജിയിൽ നാളെ ഉത്തരവ് വരും. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീകൃഷ്‌ണന്റെ ജന്മസ്ഥലമാണെന്ന അവകാശവാദമാണ് ഹർജിക്കാർ ഉന്നയിക്കുന്നത്.
മുസ്ലീം വിഭാഗത്തിന്‍റെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടരുതെന്ന് ഗ്യാന്‍വാപി കേസില്‍ സുപ്രീംകോടതി. ശിവലിംഗം കണ്ടതായി പറയപ്പെടുന്ന സീല്‍ ചെയ്ത സ്ഥലത്തിന് സുരക്ഷ കൂട്ടാനും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ നിര്‍ണ്ണായകമായ സര്‍വേ വിവരങ്ങള്‍ ചോര്‍ന്നതില്‍ വാരാണസി കോടതി സര്‍വ കമ്മീഷണറെ നീക്കി.
ഗ്യാന്‍വാപി കേസിലെ സര്‍വേയും, മുന്നറിയിപ്പില്ലാതെ മസ്ജിദ് സീല്‍ ചെയ്ത നടപടിയും ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പറയാനുള്ളത് കേള്‍ക്കാന്‍ പോലും സാവകാശം കാട്ടാതെ വാരാണസി കോടതി തിടുക്കപ്പെട്ട് നടപടികളിലേക്ക് പോകുകയായിരുന്നുവെന്ന് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ അറിയിച്ചു. ആരാധനാ സ്വാതന്ത്യം തടസപ്പെട്ടിരിക്കുകയാണെന്നും പരാതിപ്പെട്ടു.
മസ്ജിദില്‍ എവിടെയാണ് ശിവലിംഗം കണ്ടെത്തിയതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസ് ചന്ദ്രചൂഡ് അടങ്ങുന്ന ബഞ്ച് ആരാഞ്ഞു. സര്‍വേ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും നാളെ ഹാജരാക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. പ്രദേശത്ത് സംഘര്‍ഷ സാധ്യത തള്ളിക്കളയാനാവില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു. ജില്ല മജിസ്ട്രേറ്റ് പോലും ശിവലിംഗം കണ്ടിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി സീല്‍ ചെയ്ത സ്ഥലത്തിന്‍റെ സുരക്ഷ കൂട്ടാന്‍ നിര്‍ദ്ദേശിച്ചു. സുരക്ഷയുടെ പേരില്‍ മുസ്ലീംവിഭാഗത്തിന്‍റെ ആരാധനാസ്വാതന്ത്ര്യം തടസപ്പെടരുതെന്നും നിര്‍ദ്ദേശിച്ചു.
കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതേ സമയം കേസ് ഇന്ന് പരിഗണിച്ച വാരാണസി കോടതി സര്‍വ്വേ വിവരങ്ങള്‍ ചോര്‍ന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സര്‍വേ വിവരങ്ങള്‍ ചോര്‍ത്തിയതിലും സര്‍വേയുടെ ഭാഗമായെടുത്ത ദൃശ്യങ്ങള്‍ ചോര്‍ന്നതിലും അതൃപ്തിയറിയിച്ച കോടതി സര്‍വേ കമ്മീഷണര്‍ അജയ് മിശ്രയെ നീക്കി. സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് ദിവസം കൂടി വേണമെന്ന സര്‍വേ സംഘത്തിന്‍റെ അഭ്യര്‍ത്ഥന കോടതി അംഗീകരിച്ചു.