‘ഒരു പ്രളയം എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം.

0
91

കേരളതീരം ഉൾപ്പടെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരമേഖലയിൽ മൺസൂൺ കാലയളവിൽ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതായി പഠനം. മഴമേഘങ്ങളുടെ ഘടനയിൽ മാറ്റം വരുന്നതിനാൽ കാലവർഷം കൂടുതൽ കനക്കാനാണ് സാധ്യതയെന്ന് ‘നേച്ചർ’ മാഗസിന്റെ പോർട്ട്ഫോളിയോ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കുസാറ്റിൽ ‘അഡ്വാൻസഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ചി’ന്റെ ഡയറക്ടർ ഡോ.അഭിലാഷ് എസിന്റെ മേൽനോട്ടത്തിലാണ് പഠനം നടന്നത്. പഠനത്തെക്കുറിച്ചും മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതിനേക്കുറിച്ചും ഡോ.അഭിലാഷ് സംസാരിക്കുന്നു.

ഇന്ത്യയുടെ പടിഞ്ഞാറൻ തീരമേഖലയിൽ മേഘങ്ങളുടെ ഘടന മാറുന്നു എന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. അവിടെ നേരത്തെയുണ്ടായിരുന്ന വ്യാപ്തി കുറഞ്ഞ മേഘങ്ങളിൽ നിന്നുമാറി വലിയ കട്ടിയുള്ള മേഘങ്ങൾ രൂപം കൊള്ളുന്നു. പ്രധാനമായും മേഘങ്ങളുടെ ഉയരം കൂടുന്നു എന്നതാണ് പഠനം പറയുന്നത്. ഇത്തരം മേഘങ്ങൾ മൺസൂൺ സീസണിൽ, ചില അവസരങ്ങളിൽ തീരത്തുനിന്ന് കരയിലേക്കെത്തും. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇത്തരം കട്ടികൂടിയ മേഘങ്ങൾ കടലിലുണ്ടായിരുന്നു. അതുമൊത്തം അവിടെ പെയ്തുതീർന്നു. എന്നാൽ കരയിലേക്ക് പ്രവേശിച്ചില്ല. പ്രവേശിക്കുന്ന സാഹചര്യമുണ്ടായാൽ കരയിലത് വലിയ മഴയായിരിക്കും ഉണ്ടാക്കുക.

നമ്മുടെ കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇതിന് കാരണം. കിഴക്കൻ അറബിക്കടൽ ക്രമാതീതമായി ചൂടാകുന്നതും അതുപോലെതന്നെ അതിന്റെ ഭാഗമായി അന്തരീക്ഷത്തിലൊരു താപഅസ്ഥിരത രൂപപ്പെടുന്നതുമാണ് കാരണം. ഈ താപഅസ്ഥിരത വലിയ മേഘങ്ങൾ ഉയരത്തിൽ രൂപപ്പെടാനുള്ള ഒരു അനുകൂല സാഹചര്യം സൃഷ്ടിക്കും. ഇത് രണ്ടുമാണ് അതിന്റെ കാലാവസ്ഥ ഘടകങ്ങൾ. ഒപ്പം ഒരു മൺസൂൺ സീസണിൽ നാലോ അഞ്ചോ തീവ്രന്യൂന മർദ്ദവും (Depression) എട്ടോ പത്തോ ന്യൂനമർദ്ദങ്ങളുമൊക്കെ ബംഗാൾ ഉൾക്കടലിലും ശാന്തസമുദ്രത്തിലുമൊക്കെ പ്രതീക്ഷിക്കാം. അതുണ്ടാകുന്ന അവസരങ്ങളിൽ തീരപ്രദേശത്തെ മൺസൂൺ കാറ്റിന്റെ വേഗത വർധിക്കും. ഇത് പശ്ചിമഘട്ട മലനിരകൾക്ക് ലംബമായി വേഗത്തിൽ വീശും. കടലിലെ മഴമേഘങ്ങളേയും നീരാവിയേയും ഇത് പശ്ചിമഘട്ടത്തിലെ മലയോര പ്രദേശത്ത് എത്തിക്കും.

മൺസൂൺ സീസണിൽ പണ്ടും അതിതീവ്രമഴ കേരളത്തിലുണ്ടായിട്ടുണ്ട്. പക്ഷേ 24 മണിക്കൂർ കൊണ്ടായിരിക്കും 20 സെന്റീമീറ്റർ മഴ ലഭിക്കുന്നത്. അതുമാറി, ചില പ്രദേശങ്ങളിൽ 15 മുതൽ 20 സെന്റീമീറ്റർ മഴ രണ്ട് മൂന്ന് മണിക്കൂർ കൊണ്ട് പെയ്യുന്ന രീതിയിൽ കേരളത്തിലെ മഴ പെയ്ത്തിന്റെ സ്വഭാവം മാറി. അതിനുകാരണം ഇത്തരം മേഘങ്ങൾ ചില പ്രത്യേക സ്ഥലങ്ങളിൽ (ഉദാഹരണത്തിന് കവളപ്പാറ, കൂട്ടിക്കൽ, പെട്ടിമുടി പോലുള്ള മലയോര പ്രദേശങ്ങളിൽ) എത്തുമ്പോൾ മലകൾ ഇതിനെ മുകളിലേക്ക് പുഷ് ചെയ്യും. ഒരു കിലോമീറ്റർ മുതൽ 14 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപ്തിയുള്ളതിനാൽ അത്രയും ജലമാണ് ഈ മേഘങ്ങളിൽ ശേഖരിക്കുന്നത്. അത്രയും വെള്ളമാണ് താഴേക്ക് വരുന്നത്. അതുകൊണ്ടാണ് ചുരുങ്ങിയ സമയത്ത് വലിയ മഴ ലഭിക്കുന്നത്.

മൺസൂൺ സമയത്ത് കേരളത്തിലേക്ക് വരുന്ന മേഘങ്ങളുടെ ഉയരം ഏഴ് കിലോമീറ്റർ വരെയൊക്കെയെ ഉണ്ടായിരുന്നുള്ളൂ. ചില അവസരങ്ങളിലെങ്കിലും ആ മേഘങ്ങളുടെ കട്ടിയും ഉയരവും കൂടും. ഏഴ് കിലോ മീറ്ററിൽ താഴെയുള്ള മേഘങ്ങളാണെങ്കിൽ അതിനുള്ളിൽ ഐസ് പരലുകൾ കാണില്ല. അതിന് മുകളിലുള്ള മേഘങ്ങളിലാണ് വലിയ തോതിൽ ഐസ് പരലുകൾ കാണുക. ഐസിന്റെ സാന്നിധ്യത്തിൽ മഴ രൂപീകരണ പ്രക്രിയ ത്വരിതപ്പെടും. അത് കൂടുതൽ മഴക്ക് കാരണമാകും.

2018-ലെ പ്രളയം ഇത്തരം വലിയ മേഘങ്ങൾ കൊണ്ടുള്ള പ്രളയമല്ലായിരുന്നു. അത് മൂന്ന് മാസക്കാലം വലിയ മഴ കിട്ടിയതുകൊണ്ടുണ്ടായതാണ്. ഓരോ ഘട്ടത്തിലും വെള്ളം ഉയർന്നുവരുന്നത് നമുക്ക് അറിയാമായിരുന്നു. അതേസമയം 2019-ലേത് ഒരു മിന്നൽ പ്രളയമായിരുന്നു. ഒറ്റദിവസം കൊണ്ടുണ്ടായ പ്രളയമായിരുന്നു അത്. ആ വർഷം ഓഗസ്റ്റ് ഒന്ന് വരെ 35 ശതമാനം മഴക്കുറവായിരുന്നു രേഖപ്പെടുത്തിയത്. എട്ടാം തീയതിയിലെ ഒറ്റ മഴകൊണ്ട് ആ മഴക്കുറവ് പരിഹരിച്ചു. അത്രക്ക് മഴയാണ് മൂന്നാലഞ്ച് ദിവസം കൊണ്ട് കിട്ടിയത്. അതിൽ ഒരു ദിവസമാണ് നിലമ്പൂരിൽ 35 സെന്റീമീറ്റർ മഴ രേഖപ്പെടുത്തിയത്. 2019-ലെ പ്രളയം, പെട്ടിമുടി ദുരന്തം, കൂട്ടിക്കൽ ദുരന്തം ഇതെല്ലാമുണ്ടാക്കിയത് ലഘുമേഘവിസ്ഫോടനത്തിന്റെ ഗണത്തിൽപ്പെടുത്താവുന്ന മഴമൂലമാണ്.

അറബിക്കടലിന്റെ താപനില വർധിക്കുക, അതുമൂലമുണ്ടാകുന്ന താപഅസ്ഥിരത, തീവ്രന്യൂനമർദ്ദം മൂലം മൺസൂണിന്റെ വേഗം വർധിക്കുക എന്നീ മൂന്ന് ഘടകങ്ങളും ഒരുപോലെ ഒന്നിച്ച് വന്നാൽ മാത്രമേ ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാകുകയുള്ളൂ. അത് ഒരു മൺസൂൺ സീസണിൽ എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം. എന്നാൽ, എപ്പോൾ ഉണ്ടാകുമെന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല. ഒരുപക്ഷേ, ഈ ഒരു സീസണിൽ ഒന്നോ രണ്ടോ തവണ അതുണ്ടാകാനുള്ള സാധ്യതയുണ്ട്. ഒരു സീസണിൽ മൂന്നോ നാലോ തവണ തീവ്രന്യൂനമർദ്ദം ഉണ്ടാകാറുണ്ട്. ആ അവസരത്തിലെല്ലാം ഇതുണ്ടാകാനുള്ള സാധ്യത നിലനിൽക്കുകയാണ്. അതിനർഥം നാളെയിത് ഉണ്ടാകുമെന്നല്ല. അല്ലെങ്കിൽ അടുത്ത മാസം ഉണ്ടാകുമെന്നല്ല. അതൊന്നും നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. മുന്നേ സൂചിപ്പിച്ച ഘടകങ്ങൾ ഒന്നിച്ചു വന്നാലെ ഇത് സംഭവിക്കുകയുള്ളൂ. അത് ഒന്നിച്ചുവരുന്ന ഒരു സാഹചര്യത്തിൽ ഇത് നമുക്ക് പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here